Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി: എ.എസ്.ഐ നടത്തുന്ന സര്‍വേയില്‍ ശക്തമായ സംശയമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: സംഘ്പരിവാര്‍ വ്യാജ ആരോപണമുന്നയിച്ച് രംഗത്തെത്തിയ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന സര്‍വേയില്‍ തങ്ങള്‍ക്ക് ശക്തമായ സംശയമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബെഞ്ചില്‍ ഹാജരായി സര്‍വേ നടത്തുന്ന രീതി വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മസ്ജിദ് വളപ്പിനുള്ളില്‍ പ്രാര്‍ത്ഥന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദു വ്യവഹാരക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജൂലൈ 21ന് വാരണാസി ജില്ലാ കോടതിയാണ് സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. ഹിന്ദു ഹരജിക്കാര്‍ അവകാശപ്പെട്ടതുപോലെ ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് പണിതത് എന്നറിയാന്‍ ആവശ്യമെങ്കില്‍ ഖനനം ഉള്‍പ്പെടെ സര്‍വേ നടത്താന്‍ ജില്ലാ ജഡ്ജി എ.കെ വിശ്വേശ ഉത്തരവിട്ടിരുന്നു.

സര്‍വേ സമയത്ത് മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് തടയരുതെന്നും പള്ളിക്ക് കേടുപാടുകള്‍ വരുത്തരുതെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച്ച സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ബുധനാഴ്ച വൈകീട്ട് അഞ്ച് മണി വരെ തല്‍സ്ഥിതി തുടരാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

വാരണാസി കോടതിയുടെ ഉത്തരവിലോ ഹിന്ദു വ്യവഹാരക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലോ ഖനനം എങ്ങനെ നടത്തണമെന്ന് പരാമര്‍ശിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ ബുധനാഴ്ച പറഞ്ഞു.

കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് സീല്‍ ചെയ്ത സ്ഥലത്ത് ഒരു പ്രവൃത്തിയും നടത്തില്ലെന്നും രേഖാമൂലം മൊഴി നല്‍കുകയാണെന്നും ഹിന്ദു വ്യവഹാരക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.

ഹിന്ദു വ്യവഹാരക്കാരുടെ അപേക്ഷ പ്രകാരം മൂന്ന് താഴികക്കുടങ്ങള്‍ക്ക് കീഴില്‍ ഖനനം നടത്താനാണ് നിര്‍ദ്ദേശിച്ചതെന്ന് പള്ളിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എസ്.എഫ്.എ നഖ്‌വി പറഞ്ഞു.

 

Related Articles