Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിന് പിന്തുണയുമായി കൂടുതല്‍ സിനിമ താരങ്ങള്‍

കോഴിക്കോട്: ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ അതിരൂക്ഷമായി തുടരുമ്പോള്‍ ഫലസ്തീനിന് പിന്തുണയുമായി പ്രമുഖ മലയാള സിനിമ താരങ്ങളും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ റഫയില്‍ ടെന്റുകളില്‍ ഇസ്രായേല്‍ ബോംബിട്ട് കുഞ്ഞുങ്ങളെ തലയറുത്തും കത്തിച്ചും കൊലപ്പെടുത്തിയ ക്രൂരതക്ക് പിന്നാലെയാണ് പ്രമുഖര്‍ എക്‌സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഫലസ്തീന് പിന്തുണ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന സോഷ്യല്‍ മീഡിയ ക്യാംപയിനിന്റെ ഭാഗമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് മിക്ക താരങ്ങളും ഫലസ്തീനിലെ പൊരുതുന്ന ജനതയ്‌ക്കൊപ്പം എന്ന നിലപാട് അറിയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നിഖില വിമല്‍, ഭാവന, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ബേസില്‍ ജോസഫ്, ഷെയ്ന്‍ നിഗം, കാളിദാസ് ജയറാം, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണകുമാര്‍, കീര്‍ത്തി സുരേഷ്, പ്രയാഗ മാര്‍ട്ടിന്‍, ഹരിശങ്കര്‍ കെ.എസ്, അനാര്‍ക്കലി മരിക്കാര്‍, സുപ്രിയ മേനോന്‍,ഗായിക മഞ്ജരി, അനുപമ പരമേശ്വരന്‍, ലിയോണ ലിഷോയ്, ആഷിഖ് അബു, മാളവിക മേനോന്‍, ദിവ്യപ്രഭ, നൈല ഉഷ, ലുഖ്മാന്‍ അവറാന്‍, ദീപ തോമസ്, രമ്യ നമ്പീശന്‍, മുഹ്‌സിന്‍ പരാരി, സൗബിന്‍ ഷാഹിര്‍, രാധിക, മൃദുല മുരളി, ഗ്രേസ് ആന്റണി, അന്ന ബെന്‍, ദര്‍ശന രാജേന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചത്. എല്ലാ കണ്ണുകളും റഫയില്‍ എന്ന ചിത്രം ഇവരെല്ലാം സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു.

മലയാള താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, കാജള്‍ അഗര്‍വാള്‍,സാമന്ത, ഋതിക ഷര്‍മ എന്നിവരും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ മലയാളി താരം കനി കുസൃതി ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി തണ്ണിമത്തന്‍ വാനിറ്റി ബാഗ് ധരിച്ചെത്തി ഫലസ്തീന് പിന്തുണ അറിയിച്ചത് അന്താരാഷ്ട്രതലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഫലസ്തീന്‍ പതാകയുടെ പ്രതീകമായിട്ടാണ് തണ്ണിമത്തന്‍ ബാഗ് കൈയിലേന്തി അവര്‍ റെഡ് കാര്‍പറ്റില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചത്. കനി അഭിനയിച്ച പായല്‍ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. കനിക്കു പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാനും റഫ ഐക്യദാര്‍ഢ്യവുമായെത്തിയത്. തുടര്‍ന്നാണ് ബാക്കി താരങ്ങള്‍ ക്യാംപയിന്‍ ഏറ്റെടുത്തത്.

റഫയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോ എക്സിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെറ്റ ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ വ്യാപകമായി നീക്കം ചെയ്യുന്നുണ്ടെന്ന പരാതിയും ഒരു ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

റഫ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ക്യാംപിന് നേരെ ബോബ് പതിച്ച് 45ലധികം പേരാണ് വെന്തുമരിച്ചത്. കഴിഞ്ഞ രാത്രിയാണ് റഫ നഗരത്തിലെ താല്‍ അസ്സുല്‍ത്താന്‍, സൗദി, താല്‍ സോറോബ്, അല്‍-ഹഷാഷിന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം റഫയില്‍ ബോംബിട്ടത്. റഫയിലെ സുരക്ഷിത മേഖല എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശത്ത് ടെന്റിലാണ് ബോംബിട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 36,096 ആയി. 81,136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

Follow us in WhatsApp: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles