Current Date

Search
Close this search box.
Search
Close this search box.

ഹത്രാസ്: യു.പി പൊലിസിനെതിരെ നിലപാടെടുത്ത ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ലഖ്‌നൗ: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലിസിനെതിരെ നിലപാടെടുത്ത ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യു.പി പൊലിസിന്റെ വാദത്തെ തള്ളിയ അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെയാണ് അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

താല്‍ക്കാലിക അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. അടിയന്തരമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ചൊവ്വാഴ്ചയാണ് ഡോ. മാലികിന് ആശുപത്രി അധികൃതര്‍ നല്‍കിയത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയാറായിട്ടില്ല.

ഒക്ടോബര്‍ അഞ്ചിന് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഹത്രാസ് കേസില്‍ യു.പി പൊലിസിന്റെ വിശദീകരണത്തിന് എതിരായ നിലപാടെടുത്തത്. ഇതിന്റെ പേരിലാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളേജ് അഡീഷണല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും സംഭവം നടന്ന് 11 ദിവസത്തിന് ശേഷമാണ് പൊലിസ് സാംപിള്‍ ശേഖരിച്ചതെന്നും പീഡനം നടന്ന് 96 മണിക്കൂറിനുള്ളില്‍ സാംപിള്‍ ശേഖരിച്ചാല്‍ മാത്രമേ ബലാത്സംഗം നടന്നോ എന്ന് വ്യക്തമാകൂ എന്നുമാണ് അഭിമുഖത്തില്‍ ഡോ. മാലിക് പറഞ്ഞത്.

Related Articles