അള്‍ജൈര്‍: ആയിരക്കണക്കിന് ജനങ്ങളാണ് വെള്ളിയാഴ്ച അള്‍ജീരിയന്‍ തലസ്ഥാനമായ അള്ജൈറില് തങ്ങള്‍ 2019 ഫെബ്രുവരി 22ന് രൂപം കൊടുത്ത ജനകീയ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികമാഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. രാജ്യത്ത് ദീര്‍ഘകാലം ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂടോഫ്ളിക്കയുടെ രാജിയാവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ ഇത്തരത്തില്‍ ജനകീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ബുട്ടോഫ്ളിക്ക രാജിവെച്ചെങ്കിലും രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ പൂര്‍ണമായും മാറ്റണമെന്നാവശ്യപ്പെട്ട് സംഘടന സമരം തുടരുകയായിരുന്നു. ഇതിന്റെ ഒന്നാം വാര്‍ഷികമാണ് ബഹുജന പ്രക്ഷോഭ റാലിയോടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്.
ദേശീയ പതാകയും പ്ലക്കാര്‍ഡുകളും വഹിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഗ്രനേഡ് പോസ്റ്റ് കെട്ടിടത്തിന് സമീപം ഒരുമിച്ചു കൂടി. കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന സമരത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണിവിടം. ഞങ്ങളിവിടെ ആഘോഷത്തിന് വന്നതല്ല, നിങ്ങളോട് വിട്ടു പോകാന്‍ ആവശ്യപ്പെടുകയാണെന്ന് പ്രക്ഷോഭകര്‍ അലമുറയിട്ടു. പുതിയ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂനിനെയും അംഗീകരിക്കാന്‍ പ്രക്ഷോഭകര്‍ തയാറല്ല. സമാധാനപരമായി നടന്ന പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷിക ദിനം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.