Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല; ഒടുവില്‍ ബൂട്ടോഫ്ളിക്ക രാജിവെച്ചു

അള്‍ജൈര്‍: മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അവസാനം അള്‍ജീരിയയിലെ ഏകാധിപത്യ ഭരണാധികാരിയായിരുന്ന അബ്ദൂല്‍ അസീസ് ബൂട്ടോഫ്ളിക്ക രാജിവെച്ചു. ജനകീയ പ്രതിഷേധം മുന്‍നിര്‍ത്തി രാജ്യത്തിന്റെ മികച്ച ഭാവിക്കു വേണ്ടി രാജിവെക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. ദീര്‍ഘകാലം അള്‍ജീരിയയുടെ നേതൃപദവിയിരുന്നയാളാണ് ഇതോടെ പടിയിറങ്ങുന്നത്. ചൊവ്വാഴ്ച സൈനിക മേധാവി ബുട്ടോഫഌക്കയോട് ഉടന്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടിരുന്നു അതിന് പിന്നാലെയാണ് രാജി. അള്‍ജീരിയയെ ശാന്തമാക്കാനും ഇനിടുത്തെ പൗരന്മാരുടെ മനസ്സ് സമാധാനിപ്പിക്കാനും അതിന്റെ കൂടെ അള്‍ജീരിയയുടെ മെച്ചപ്പെട്ട ഭാവിയും ഉദ്ദേശിച്ചാണ് ഞാന്‍ രാജിവെക്കുന്നതെന്ന് ബൂട്ടോഫഌക്ക ഭരണഘടന കൗണ്‍സില്‍ പ്രസിഡന്റിന് നല്‍കിയ കത്തില്‍ പറഞ്ഞു.

രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനം വിട്ടൊഴിയാതെ തുടരുകയായിരുന്നു 82കാരനായ ബൂട്ടോഫ് ളിക്ക. വാര്‍ധക്യസഹചമായ വിവിധ അസുഖങ്ങളാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം രാജ്യത്തെ ഭരണം കൈയാളിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ജനങ്ങളാണ് അള്‍ജീരിയയിലെ പ്രധാന തെരുവുകളിലെല്ലാം പ്രതിഷേധ റാലി സംഘടിപ്പിച്ചത്. 2013 മുതല്‍ സ്‌ട്രോക് പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ബൂട്ടോഫ് ളിക്ക ജനങ്ങളുമായി സംവദിക്കുകയോ പൊതുപരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്യാറില്ലായിരുന്നു.

ബൂട്ടോഫ്ളിക്ക ഏപ്രില്‍ 28നകം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 28നാണ് അദ്ദേഹത്തിന്റെ ഭരണ കാലയളവ് അവസാനിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരാനൊരുങ്ങുന്നതിനിടെയാണ് രാജ്യത്ത് ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വന്നത്. ജനകീയ സമരങ്ങളുടെ വിജയമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും സമര നേതാക്കളും അവകാശപ്പെട്ടു.

Related Articles