അള്‍ജൈര്‍: അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂനെ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ തന്നെ അദ്ദേഹം ക്വാറന്റൈനിലായിരുന്നു, തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കൂടുതല്‍ ചികിത്സക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്. പ്രസിഡന്റിന്റെ സഹായികള്‍ക്കൊരാള്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. തലസ്ഥാനമായ അള്‍ജൈറിലെ സൈനികാശുപത്രിയിലാണ് 75കാരനായ തിബൂനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കക്ക് വകയില്ലെന്നും ഓഫീസ് പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറഞ്ഞു. അദ്ദേഹം തന്റെ ദൈനംദിന പ്രവൃത്തികള്‍ ആശുപത്രിയില്‍ വെച്ച് തുടരുന്നുണ്ടെന്നും എ.പി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രസിഡന്റിന് കോവിഡ് പോസിറ്റീവാണോ എന്ന് വ്യക്തമാക്കാന്‍ ഓഫീസ് അധികൃതര്‍ തയാറായില്ല.