Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ റദ്ദ് ചെയ്യുംവരെ ജനകീയ പ്രതിരോധമുയരണം: സോളിഡാരിറ്റി

കോഴിക്കോട്: സാമാന്യനീതി നിഷേധിക്കപ്പെട്ട് വിചാരണാതടവുകാരായി കഴിയുന്ന ആയിരങ്ങള്‍ക്ക് നീതി ലഭിക്കാന്‍ യു.എ.പി.എ റദ്ദ്‌ചെയ്യുംവരെ ജനകീയ പ്രതിരോധം ഉയര്‍ത്തുകയാണ് ചെയ്യേണ്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു.

കോഴിക്കോട് മാവോവാദി കേസുമായി ബന്ധപ്പെട്ട എന്‍.ഐ.എ യു.എ.പി.എ ചുമത്തി വിചാരണതടവുകാരാക്കിയ അലനും ത്വാഹക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്. കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസും സംസ്ഥാന സര്‍ക്കാറും എന്‍.ഐ.എക്ക് കേസ് കൈമാറാനുള്ള നീക്കങ്ങളാണ് നടത്തിയത്. തുടര്‍ന്ന് എന്‍.ഐ.എ മാപ്പുസാക്ഷികളെ ഉണ്ടാക്കാനടക്കമുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. കേസിന്റെ തുടക്കം മുതല്‍ തന്നെ കുടുംബങ്ങളും വ്യത്യസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സംഘടനകളും നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ജാമ്യം ലഭിച്ചത്. രാജ്യത്ത് ധാരാളം യുവാക്കള്‍ ഇന്നും യു.എ.പി.എ എന്ന ഭീകരനിയമത്തിന്റെ പേരില്‍ പീഡനത്തിനിരയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വര്‍ഷങ്ങള്‍ അന്യായ തടവനുഭവിച്ച മഅ്ദനി, സകരിയ പോലുള്ള ധാരാളം ആളുകള്‍ ഇന്നും യു.എ.പി.എ നിയമം കാരണം വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്നുണ്ട്. ഈ നിരപരാധികളെല്ലാം സ്വതന്ത്രരാക്കപ്പെടണം. അതിനുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ആവശ്യമാണ്. സകരിയയുടെ ഉമ്മ ബിയ്യുമ്മയും സോളിഡാരിറ്റിയും യു.എ.പി.എക്കെതിരെ സുപ്രീകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. അതിനനുകൂലമായ നിയമ പ്രവര്‍ത്തനങ്ങളും ജനകീയമായി നടക്കേണ്ടതുണ്ടെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles