Current Date

Search
Close this search box.
Search
Close this search box.

എം.ഐ തങ്ങള്‍ അന്തരിച്ചു

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ (76)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലൊയിരുന്നു അന്ത്യം. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ മുന്‍ പത്രാധിപരായിരുന്നു.

രാഷട്രീയ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി തുടങ്ങിയ അദ്ദേഹം പിന്നീട് ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററായി. വര്‍ത്തമാനം ദിനപത്രത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററും മാപ്പിളനാട് പത്രത്തിന്റെ പത്രാധിപരുമായും പ്രവര്‍ത്തിച്ചു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഫുള്‍ െൈടം മെമ്പറായിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി കാരക്കുന്നില്‍ എം കുഞ്ഞിക്കോയ തങ്ങളുടെയും ഷരീഫ ബീവിയുടെയും മകനായാണ് ജനനം.

ആത്മീയതയുടെ അഗ്‌നിനാളങ്ങള്‍, മുസ്‌ലിം രാഷ്ട്രീയം ഇന്ത്യയില്‍, ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ,ആഗോളവല്‍ക്കരണത്തിന്റെ അനന്തര ഫലങ്ങള്‍, സര്‍ സയ്യിദ് ജീവചരിത്രം എന്നിവയാണ് പ്രധാനകൃതികള്‍.

ഭാര്യ: ശരീഫാ ശറഫുന്നിസ, മക്കള്‍: ശരീഫാ നജ്മുന്നിസ, ശരീഫാ സബാഹത്തുന്നിസ,സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീനുല്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍താഫ്, സയ്യിദ് മുജ്തബാ വസിം.

Related Articles