Current Date

Search
Close this search box.
Search
Close this search box.

സ്വീഡനിലെ സംഭവത്തിന് പിന്നാലെ, ഖുര്‍ആന്റെ പകര്‍പ്പ് കീറി ഡച്ച് വലതുപക്ഷ നേതാവ് -വിഡിയോ

ആംസ്റ്റര്‍ഡാം: വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കീറി തീവ്ര വലതുപക്ഷ നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ്. നെതര്‍ലന്‍ഡ്‌സിലെ ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനമായ പെഗിഡയുടെ (Pegida) നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡാണ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കീറിക്കളഞ്ഞത്. ഡച്ച് നഗരമായ ഹേഗില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രകോപനപരമായ വിഡിയോ പെഗിഡയുടെ നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ് തിങ്കളാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. ഹേഗിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വെച്ച് തീവ്ര വലതുപക്ഷ നേതാവ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കീറിക്കളയുകയായിരുന്നു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്.

കഴിഞ്ഞ ശനിയാഴ്ച, സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ റാസ്മസ് പലുദന്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണിത്. സ്വീഡിഷ് തീവ്ര വലതുപക്ഷ നേതാവിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

മുസ്‌ലിംകള്‍ വിശുദ്ധമായി കാണുന്ന ഗ്രന്ഥം കത്തിക്കാതെയുള്ള ഈയൊരു പ്രവൃത്തിക്ക് ഡച്ച് പൊലീസ് അനുമതി നല്‍കിയതായി ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കീറിയ പേജുകള്‍ പിന്നീട് അദ്ദേഹം കത്തിക്കുന്നത് വിഡിയോയില്‍ കാണാം. എഡ്വിന്‍ വിശുദ്ധ ഖുര്‍ആന്റെ പേജുകള്‍ വലിച്ചുകീറി ശക്തമായി അതില്‍ ചവിട്ടുമ്പോള്‍ ഡച്ച് പൊലീസ് നോക്കിനില്‍ക്കുന്നതും വിഡിയോയില്‍ കാണാം. 2022 ഒക്ടോബറില്‍, റോട്ടര്‍ഡാമില്‍ പെഗിഡ അനുകൂലികള്‍ പങ്കെടുത്ത റാലിക്കിടെ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡിനെ ഡച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ യു.എസ് ഉള്‍പ്പെടെ അറബ്-മുസ്ലിം രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, മുസ്ലിം വേള്‍ഡ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൗണ്‍സില്‍ എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം പ്രവൃത്തിക്ക് അനുവാദം നല്‍കിയ സ്വീഡിഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles