Current Date

Search
Close this search box.
Search
Close this search box.

18 വര്‍ഷം മുന്‍പ് ഭാര്യക്കായി വാങ്ങിയ നോക്കിയ ഫോണ്‍ നല്‍കാനായത് 2018ല്‍

ഗസ്സ സിറ്റി: 2000ല്‍ പുറത്തിറങ്ങിയ നോക്കിയയുടെ 3310 മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ കിട്ടിയിട്ട് എന്ത് കാര്യം. പ്രത്യേകിച്ച് വലിയ കാര്യമൊന്നും അതുകൊണ്ടുണ്ടാകില്ല. എന്നാല്‍, ഗസ്സയിലെ ഇമാദ് അല്‍ സഫ്താവിക്ക് ഇത് കേവലം ഒരു മൊബൈല്‍ ഫോണല്ല. തന്റെ പ്രിയതമയോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു. ഗസ്സയിലുള്ള തന്റെ ഭാര്യക്ക് സമ്മാനിക്കാനായി ദുബായില്‍ നിന്നും വാങ്ങിയ ആ ഫോണ്‍ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിയുന്ന സുദിനവും സ്വപ്‌നം കണ്ട് കഴിഞ്ഞ 18 വര്‍ഷമായി അനന്തമായി ഇസ്രായേലിന്റെ തടവറയില്‍ കഴിയുകയായിരുന്നു സഫ്താവി.

അങ്ങിനെ നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം സഫ്താവി ജയില്‍ മോചിതയായി. കൂടെ മൊബൈല്‍ ഫോണും. ഇന്നും പൊന്നുപോലെ കാത്തുസൂക്ഷിച്ച ആ സമ്മാനം തന്റെ പ്രിയതമക്ക് കൈമാറിയപ്പോള്‍ സന്തോഷവും സങ്കടവും നിറഞ്ഞ ആത്മനിര്‍വൃതിയിലായിരുന്നു ഇരുവരും.

രണ്ടായിരത്തില്‍ ദുബായില്‍ നിന്നും ഗസ്സയിലേക്ക് മടങ്ങുന്നതിനിടെ റഫ അതിര്‍ത്തിയില്‍ വെച്ചാണ് സഫ്താവിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത് ജയിലിലടക്കുന്നത്. അദ്ദേഹത്തിന്റെ വസ്തുവകകളും അന്ന് സൈന്യം പിടിച്ചെടുത്തു. ഒരു നാള്‍ ആ സമ്മാനം തന്റെ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ജയിലില്‍ കഴിയുകയായിരുന്നു ഇമാദ് അല്‍ സഫ്താവി. തന്റെ ഭര്‍ത്താവിനായി അവളും കാത്തിരുന്നു. കഴിഞ്ഞ 12ാം തീയതിയാണ് അദ്ദേഹം ജയില്‍ മോചിതനായത്. വിട്ടയക്കുമ്പോള്‍ പിടിച്ചെടുത്ത വസ്തുക്കള്‍ അധികൃതര്‍ വിട്ടു നല്‍കി. തന്റെ ഉമ്മക്ക് ഉപ്പ ഫോണ്‍ സമ്മാനിക്കുന്ന ചിത്രം മകള്‍ ആണ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് നോക്കിയ മൊബൈല്‍ ഫോണിനു പിന്നിലെ കഥ ലോകം അറിയുന്നത്.

Related Articles