കാബൂള്‍: അഫ്ഗാനില്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമെന്ന് താലിബാന്‍ അറിയിച്ചു. പെണ്‍കുട്ടികളെ ഉടന്‍ സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്നും ഇതിന്റെ കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിക്കുമെന്ന് താലിബാന്‍ വക്താവ് ഖാരി സഈദി പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘ഞാന്‍ മനസ്സിലാക്കിയ വിവരമനുസരിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ സര്‍വകലാശാലകളും സ്‌കൂളുകളും വീണ്ടും തുറക്കുകയും എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും സ്‌കൂളിലേക്കും അവരുടെ അധ്യാപന ജോലികളിലേക്കും മടങ്ങുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.
താലിബാന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ഞങ്ങള്‍ കേള്‍ക്കുന്ന ഒന്നാണ് ഇത്. അതെ, അവര്‍ മടങ്ങിവരും. പക്ഷേ അതിന് സമയമെടുക്കുന്നുണ്ട്. തീര്‍ച്ചയായും, അത് ധാരാളം പെണ്‍കുട്ടികളെ ബാധിക്കുന്നുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ടര്‍ സ്‌റ്റെഫനി ദികാര്‍ പറഞ്ഞു.
സെക്കന്‍ഡറി സ്‌കൂളുകളിലെ പെണ്‍കുട്ടികളും അവരുടെ വനിതാ അധ്യാപകരും ഉടന്‍ തിരിച്ചെത്തുമെന്നത് ആസന്നമാണെന്നാണ് താലിബാന്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ സുരക്ഷിതമായ സാഹചര്യം ഒരുങ്ങുന്നത് വരെ കൗമാരക്കാരികളായ പെണ്‍കുട്ടികളോട് വീട്ടിലിരുന്ന് പഠിച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE