Current Date

Search
Close this search box.
Search
Close this search box.

കനത്ത സുരക്ഷയില്‍ അഫ്ഗാന്‍ തെരഞ്ഞെടുപ്പ്

കാബൂള്‍: കനത്ത സുരക്ഷാ ഭീഷണിക്കിടയില്‍ അഫ്ഗാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. താലിബാന്‍ സായുധ സംഘങ്ങളുടെ ഭാഗത്തു നിന്നുമാണ് കനത്ത ഭീഷണിയുള്ളത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് താലിബാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയാണ് തെരഞ്ഞെടുപ്പ്. 9 ലക്ഷത്തോളം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. 21,000 വോട്ടിങ് സ്റ്റേഷനുകളും 51,000 പോളിങ് സെന്ററുകളുമാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. 33 പ്രവിശ്യകളാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് പൊലിസ് പോളിങ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. 70,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.

അതേസമയം, പൊലിസ് മേധാവി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാന്തഹാര്‍ പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞാകും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. ഇന്റലിജന്‍സ് മേധാവിയും നേരത്തെ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

2001ല്‍ താലിബാനില്‍ നിന്നും അധികാരം പിടിച്ചെടുത്ത ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. നിരവധി തവണ താലിബാന്റെ ഭീഷണി മൂലവും വോട്ടര്‍ പട്ടിക രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാത്തതിനാലും തെരഞ്ഞെടുപ്പ് നീട്ടി വെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് ക്യാംപയിന്‍ ആരംഭിച്ചത് മുതല്‍ 10 സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. വെടിയൊച്ചകളും സ്‌ഫോടനങ്ങളും ദിനചര്യയായ അഫ്ഗാന്റെ പകുതി ഭാഗവും നിയന്ത്രിക്കുന്നത് ഇപ്പോഴും താലിബാനാണ്.

 

Related Articles