Current Date

Search
Close this search box.
Search
Close this search box.

ദോഹ വിമാനത്താവളത്തില്‍ ശിശു ഉപേക്ഷിക്കപ്പെട്ട സംഭവം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ദോഹ: നവജാതശിശുവിനെ ദോഹ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഖത്തറിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അങ്ങേയറ്റം അപലപനീയമായ സംഭവാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രാദേശിക വാര്‍ത്താ ചാനല്‍ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. കുഞ്ഞിനെ പാരാമെഡിക്കല്‍ ജീവനക്കാര്‍ നീല ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സി.സി.ടി.വി ഫൂട്ടേജ് പുറത്തുവന്നത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാര്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ടോയ്‌ലെറ്റിലെ ഗാര്‍ബേജ് ബോക്‌സില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. അപകടനിലം തരണം ചെയ്തതായി പിന്നീട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 13 ഓസ്‌ട്രേലിയന്‍ യാത്രക്കാരെ ദേഹപരിശോധന നടത്തിയതിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിയും രംഗത്തു വന്നിരുന്നു. ”കുറ്റകരമായത്” ”തികച്ചും അനുചിതം” എന്നാണ് മന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 2ന് സിഡ്‌നിയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്ത 18 വനിതാ യാത്രക്കാരെയാണ് സൂക്ഷ്മ പരിശോധന നടത്തിയിരുന്നത്. ഇതില്‍ 13 പേര്‍ ഓസ്ട്രേലിയക്കാരും അഞ്ച് പേര്‍ മറ്റ് രാജ്യക്കാരുമായിരുന്നു.

 

Related Articles