Current Date

Search
Close this search box.
Search
Close this search box.

‘സാമൂഹ്യ പ്രസ്ഥാനങ്ങളുടെ വിശാല മതേതര-ജനാധിപത്യ രാഷ്ട്രീയ പൊതുവേദി രൂപപ്പെടണം’

കോഴിക്കോട്: ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തെ നേരിടാന്‍ മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ ശ്രമത്തില്‍ രാജ്യത്ത് പൊതു രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കണമെന്നും അതിനായി ഇടതുപാര്‍ട്ടികളുള്‍പ്പെടെ സാമൂഹിക പ്രസ്ഥാനങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട് പൊതുവേദി രൂപീകരിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ മതേതരത്വം: പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയത്തില്‍ എഫ്.ഡി.സി.എ (ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി) കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറി, നിയമനിര്‍മാണ സഭ, തെരഞ്ഞെടുപ്പ് കമീഷന്‍, എക്സിക്യുട്ടീവ് തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങള്‍ ഭരണകൂട വിധേയത്വത്തിലേക്ക് മാറിക്കൊണ്ടിുന്നു. ഭയത്തിന്റെ രാഷ്ട്രീയം രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് അഹിതവും ഇംഗിതവുമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താല്‍ അവരെ ജാമ്യംപോലും ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു എന്നത് ദുഃഖകരമായ സാഹചര്യമാണ്. മതേതരത്വം സംരക്ഷിക്കണമെങ്കില്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. മതേതരത്വത്തെ കണ്ണിലെ കൃഷ്ണമിപോലെ കാത്തുസൂക്ഷിക്കേണ്ട സന്ദര്‍ഭമാണിതെന്ന്് പരിപാടിയില്‍ അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ കേരള ചെയര്‍മാന്‍ ജസ്റ്റിസ് കെ. സുകുമാരന്‍ പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിനേരിടുന്നത് ജനങ്ങള്‍ അധികാരത്തിലെത്തിച്ച ഭരണകൂടങ്ങളില്‍നിന്നുതന്നെയാമെന്ന് പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തിയ മാധ്യമം-മീഡിയ വണ്‍ എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ഭൂരിപക്ഷ സംസ്‌കൃതിയോട് അതിരുകവിഞ്ഞ പ്രതിബദ്ധതയും ന്യൂനപക്ഷ സംസ്‌കാരങ്ങളോടും വിശ്വാസങ്ങളോടും അസഹിഷ്ണുതയും പ്രകടമായി വരുന്നു. തദടിസ്ഥാനത്തിലുള്ള നിയമനിര്‍മാണങ്ങളും നടന്നു കഴിഞ്ഞു. മതനിരപേക്ഷതയോടും ജനാധിപത്യത്തോടും ആദരവ് പ്രകടിപ്പിക്കുന്ന രാഷ്ട്രീയ ശക്തികള്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തെങ്കിലേ ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നത് മതനിഷേധവും ദൈവനിഷേധവുമാണ്. അത്തരമൊരു സംസ്‌കാരം നമ്മുടെ നാട്ടില്‍ വര്‍ധിക്കുന്നത് ആശങ്കാജനകവും വേദനിപ്പിക്കുന്നതുമാണെന്ന് കത്തോലിക്ക സഭ വൈദികനും സത്യദീപം മാസിക മുന്‍ എഡിറ്ററുമായ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇന്ത്യയുടെ പൗരാണിക ചരിത്രത്തില്‍ മതേതര സിദ്ധാന്തങ്ങളുണ്ടെന്നും മുകള്‍ ഭരണത്തെ ഇല്ലാതാക്കി അധിനിവേശ ശക്തികള്‍ അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഇന്ത്യയില്‍ വര്‍ഗീയമായ വേര്‍തിരിവുകള്‍ ഉണ്ടായിത്തുടങ്ങിയെന്നും അഡ്വ. ടി. അസഫലി പറഞ്ഞു. പ്രഫ. കെ അരവിന്ദാക്ഷന്‍, മാധ്യമ പ്രവര്‍ത്തകന്‍ ആനന്ദ് കൊച്ചുകുടി, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. എഫ്.ഡി.സി.ഐ കേരള ചാപ്റ്റര്‍ സെക്രട്ടറി ടി.കെ ഹുസൈന്‍ സ്വാഗതവും സുഹൈല്‍ ഹാഷിം നന്ദിയും പറഞ്ഞു.

Related Articles