Current Date

Search
Close this search box.
Search
Close this search box.

59 വ്യക്തികളെ ഭീകരപട്ടികയില്‍ ചേര്‍ത്ത് സൗദി, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍

റിയാദ്: ഖത്തറുമായി ബന്ധമുള്ളവരെന്ന് പറഞ്ഞ് 59 വ്യക്തികളെയും 12 കൂട്ടായ്മകളെയും നിരോധിത ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സൗദി, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ധാരണയിലെത്തിയതായി പ്രഖ്യാപനം. മേല്‍പറഞ്ഞ നാല് രാജ്യങ്ങള്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അതത് രാജ്യങ്ങളെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോ. യൂസുഫുല്‍ ഖറദാവിയും ലോക മുസ്‌ലിം പണ്ഡിതവേദിയും ഖത്തര്‍ ചാരിറ്റിയും പട്ടികയില്‍ ഉണ്ട്. ഖത്തറുമായി ബന്ധമുള്ളതും സംശയാസ്പദമായ അജണ്ടകളുള്ളതുമായവയെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും അതേസമയം വ്യത്യസ്ത ഭീകരസംഘടനകള്‍ക്ക് സഹായവും അഭയവും നല്‍കുന്ന ഖത്തര്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും പ്രസ്താവന ആരോപിച്ചു.
ഭീകരതക്കെതിരെ പോരാടാനും പ്രദേശത്തെ സുരക്ഷയുടെയും സമാധാനത്തിന്റെയും തൂണുകള്‍ ഉറപ്പിച്ചു നിര്‍ത്താനും നാം പ്രതിജ്ഞാബദ്ധരാണ്. വ്യക്തികളെയും കൂട്ടായ്മകളെയും പിടികൂടുന്നതില്‍ യാതൊരു അലംഭാവവും കാണിക്കുകയില്ല. ഈയര്‍ത്ഥത്തില്‍ പ്രാദേശിക അന്തര്‍ദേശീയ തലങ്ങളില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും ചെയ്യും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അവയുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും എതിരെയുള്ള പോരാട്ടം തുടരുകയും ചെയ്യും. എന്നും പ്രസ്താവന പറഞ്ഞു.
പട്ടികയില്‍ ഉള്‍പ്പെട്ടപ്പെട്ടിരിക്കുന്ന വ്യക്തികള്‍ ഖത്തര്‍, യമന്‍, ജോര്‍ദാന്‍, ഈജിപ്ത്, ലിബിയ, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വമുള്ളവരാണ്. പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഈജിപ്തില്‍ നിന്നുള്ള പ്രമുഖരുടെ കൂട്ടത്തില്‍ അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ നേതാവ് ആസ്വിം അബ്ദുല്‍ മാജിദ്, കണ്‍സ്ട്രക്ഷന്‍ & ഡവലപ്‌മെന്റ് പാര്‍ട്ടി അധ്യക്ഷന്‍ ത്വാരിഖ് സുമര്‍, ഇസ്‌ലാമിക പ്രബോധകന്‍ വജ്ദി ഗനീം തുടങ്ങിയവരുണ്ട്. ലിബിയയിലെ മുന്‍ ഗ്രാന്റ് മുഫ്തി സാദിഖ് അല്‍ഗരിയാനി, ചരിത്രകാരനും മുസ്‌ലിം നേതാവുമായ അലി മുഹമ്മദ് സ്വല്ലാബി, ബംഗാസി വിപ്ലവകാരികളുടെ (2011ല്‍ ഖദ്ദാഫിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ പങ്കാളികളായവര്‍) കൂടിയാലോചനാ സമിതിക്ക് കീഴിലുള്ള റാഫല്ല അല്‍ശഹാതി ബ്രിഗേഡ് നേതാവ് ഇസ്മാഈല്‍ സ്വല്ലാബി, അല്‍വത്വന്‍ പാര്‍ട്ടി പ്രസിഡന്റ് അബ്ദുല്‍ ഹകീം ബല്‍ഹാജ് തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ച ലിബിയയില്‍ നിന്നുള്ള പ്രമുഖര്‍.
ഖത്തറില്‍ നിന്നും രാജകുടുംബാംഗമായ അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഥാനി, അബ്ദുറഹ്മാന്‍ ബിന്‍ ഉമൈര്‍ നുഐമി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഖത്തറിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകളെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഖത്തര്‍ വളന്റിയര്‍ സെന്റര്‍, ഖത്തര്‍ ചാരിറ്റി, ശൈഖ് ഈദ് ആല്‍ഥാനി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. വിഷയത്തില്‍ ഖത്തറിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Related Articles