Current Date

Search
Close this search box.
Search
Close this search box.

35 വര്‍ഷങ്ങള്‍ക്കു ശേഷം സൗദിയില്‍ ആദ്യ തിയേറ്റര്‍ തുറന്നു

റിയാദ്: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ നടന്നു. റിയാദിലെ എ.എം.സി എന്റര്‍ടെയ്ന്‍മെന്റിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ബ്ലാക്ക് പാന്തര്‍ ആണ് ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ. സ്ത്രീകളടക്കമുള്ള ക്ഷണിക്കപ്പെട്ടവര്‍ക്കാണ് കഴിഞ്ഞ ദിവസം പ്രദര്‍ശനം നടത്തിയത്. പൊതുജനങ്ങള്‍ക്ക് മേയ് മുതലാണ് അവസരം നല്‍കുക. രാജ്യത്ത് സാമൂഹ്യ സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി ഭരണകൂടം തിയേറ്ററിന് അനുമതി നല്‍കിയത്.

അമേരിക്ക ആസ്ഥാനമായ എ.എം.സി (അമേരിക്കന്‍ മള്‍ട്ടി സിനിമ) എന്റര്‍ടെയ്ന്‍മെന്റ്സിനാണ് തിയേറ്ററുകളുടെ നടത്തിപ്പ് ചുമതല. അടുത്ത അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40ഓളം തിയേറ്ററുകള്‍ ആരംഭിക്കും.

തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചിരുന്നു സിനിമ കാണാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സൗദിയിലെ മറ്റു പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി തരംതിരിച്ചിട്ടില്ല.

1970ഉകളില്‍ സൗദി അറേബ്യയില്‍ സിനിമശാലകള്‍ ഉണ്ടായിരുന്നു. 1980ലാണ് ഭരണകൂടത്തിന്റെ നിയമപ്രകാരം മുഴുവന്‍ തിയേറ്ററുകളും അടച്ചുപൂട്ടിയത്.
നേരത്തെ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങും നിയമവിധേയമാക്കിയിരുന്നു. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക കൂടിയാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യം വെക്കുന്നത്.

 

Related Articles