Current Date

Search
Close this search box.
Search
Close this search box.

28 വര്‍ഷത്തെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഹിന്ദു കുടുംബം ഇസ്‌ലാം സ്വീകരിച്ചു

ഭോപാല്‍: മധ്യപ്രദേശിലെ ഛതര്‍പൂരില്‍ മുസ്‌ലിം സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 28 വര്‍ഷത്തിലേറെ കാലം സാമൂഹ്യ ബഹിഷ്‌കരണത്തിന് വിധേയരാക്കപ്പെട്ട ഹിന്ദു കുടുംബം ഇസ്‌ലാം സ്വീകരിച്ചു. ബുന്ദേല്‍ഖണ്ഡ് പ്രദേശത്തെ രാജ്‌നഗര്‍ നിവാസിയായ അമ്പത്തിയൊന്നുകാരന്‍ വിനോദ് പ്രകാശ് ഖാരെ 28 വര്‍ഷം മുമ്പാണ് ഒരു മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദു പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ ബന്ധം കുടുംബമോ ബന്ധുക്കളോ സമൂഹമോ അംഗീകരിച്ചില്ലെന്നും തങ്ങള്‍ ഒറ്റപ്പെടുത്തപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 21നാണ് ഖാരെയും ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും അടങ്ങുന്ന കുടുംബം ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു സമൂഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. ആരും ഞങ്ങളെ വിവാഹങ്ങള്‍ക്ക് ക്ഷണിക്കാറുണ്ടായിരുന്നില്ല. അച്ഛന്‍ മരണപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ മൃതദേഹം ചുമക്കാന്‍ പോലും അനുവദിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മുസ്‌ലിം സമൂഹമാണ് ഞങ്ങളെ സഹായിച്ചത്. അതുകൊണ്ട് ഞങ്ങളുടെ കുടുംബം ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്ന് ഗുലാം മുഹമ്മദ് എന്ന പുതിയ പേര് സ്വീകരിച്ച അദ്ദേഹം പറഞ്ഞു.
ഖാരെയുടെയും കുടുംബത്തിന്റെയും മതപരിവര്‍ത്തനത്തെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്തെങ്കിലും തര്‍ക്കങ്ങളോ വിവാദങ്ങളോ ഉടലെടുക്കുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും രാജ്‌നഗര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര ചൗക്‌സെ പറഞ്ഞു. അതേസമയം ആ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും തീരുമാനത്തെ കുറിച്ച് പുനരാലോചിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ഒരു പ്രാദേശിക നേതാവ് പറഞ്ഞു.

Related Articles