Current Date

Search
Close this search box.
Search
Close this search box.

28 അമേരിക്കന്‍ നഗരങ്ങളില്‍ ശരീഅത്ത് വിരുദ്ധ റാലി നടത്തുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ 28 നഗരങ്ങളില്‍ ശനിയാഴ്ച്ച (ജൂണ്‍ 10) ശരീഅത്ത് വിരുദ്ധ റാലികള്‍ സംഘടിപ്പിക്കപ്പെടുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിനും ദേശീയസുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന് പരിചയപ്പെടുത്തുന്ന ‘ആക്ട് ഫോര്‍ അമേരിക്ക’ എന്ന കൂട്ടായ്മയാണ് റാലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ‘ശരീഅ നിയമങ്ങള്‍ക്കെതിരെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി’ അമേരിക്കയിലെ 18 സ്റ്റേറ്റുകളില്‍ റാലി നടക്കുമെന്ന് ആക്ട് ഫോര്‍ അമേരിക്കയുടെ വെബ്‌സൈറ്റ് വ്യക്തമാക്കി. ഫിനിക്‌സ്, ചിക്കാഗോ, അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, സീറ്റില്‍ തുടങ്ങിയ നഗരങ്ങളില്‍ റാലി നടക്കുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
സീറ്റില്‍, വാഷിംഗ്ടണ്‍, യൂജെന്‍, ഒറിഗോണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിംകളുടെയും ഇസ്‌ലാമിക് സെന്ററുകളുടെയും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് റാലി കാരണമായിരിക്കുകയാണെന്നും ഡയലി മെയില്‍ റിപോര്‍ട്ട് പറഞ്ഞു. രണ്ടാഴ്ച്ച മുമ്പ് പോര്‍ട്ട്‌ലാന്റില്‍ ട്രെയിനില്‍ വെച്ച് ഒരു അക്രമി രണ്ട് പേരെ കുത്തി കൊലപ്പെടുത്തുകയും മറ്റൊരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഹിജാബ് ധരിച്ച ഒരു പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
മതവിഭാഗങ്ങള്‍ക്ക് നേരെയുള്ള പക്ഷപാതിത്വത്തെ തങ്ങള്‍ അപലപിക്കുകയും സമാധാന കാംക്ഷികളായ പാശ്ചാത്യ മുസ്‌ലിംകള്‍ക്കും മുസ്‌ലിം ലോകത്തിനും ഒപ്പം തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ആക്ട് ഫോര്‍ അമേരിക്കയുടെ അവകാശവാദം. എന്നാല്‍ ഇസ്‌ലാമിന്റെ വികലമാക്കപ്പെട്ടതും മുന്‍വിധികളോടു കൂടിയതുമായ ചിത്രമാണ് ഈ സംഘം പ്രചരിപ്പിക്കുന്നതെന്നാണ് മുസ്‌ലിംകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ശരീഅ നിയമത്തിലെ പല വീക്ഷണങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധവും നമ്മുടെ നിയമങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും നിരക്കാത്തതുമാണെന്നാണ് ആക്ട് ഫോര്‍ അമേരിക്കയുടെ വെബ്‌സൈറ്റ് ആരോപിക്കുന്നത്‌.

Related Articles