Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ വ്യോമാക്രമണം രൂക്ഷം: 21 മരണം

ഇദ്‌ലിബ്: സിറിയയിലെ വിമതരുടെ ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിന് ശമനമില്ല. രക്തകലുഷിതമായ മേഖലയില്‍ വ്യാഴാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് ബശ്ശാര്‍ അസദിന്റെ സൈന്യം നിരപരാധികളെ കൊന്നൊടുക്കുന്നത്. സിറിയയിലെ അവസാന വിമത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വിമത സംഘങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് സിറിയന്‍ സൈന്യം പറയുന്നത്. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതില്‍ ഭൂരിഭാഗവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ്.

റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇദ്‌ലിബില്‍ ബോംബിങ് നടത്തുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി സിറിയ അശാന്തമാണ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ പശ്ചിമേഷ്യയിലെ പ്രധാന മേഖലയാണ് ഇദ്‌ലിബ്. സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ എതിര്‍പക്ഷത്താണ് തുര്‍ക്കി. വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയായിരുന്നു.

Related Articles