NewsWorld WideYour Voice

2018ല്‍ പശ്ചിമേഷ്യയില്‍ സംഭവിച്ചത്

2018ലെ അറബ്-പശ്ചിമേഷ്യന്‍-മുസ്‌ലിം ലോകത്ത് സംഭവിച്ച പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൂടെ കണ്ണോടിച്ചാല്‍ സാധാരണ പോലെ ദുരന്തത്തിന്റെയും അശാന്തിയുടെയും അസമാധാനത്തിന്റെയും വാര്‍ത്തകളും വിശേഷങ്ങളും തന്നെയാണ് കൂടുതലായും പറയാനുള്ളത്. ദുരിതങ്ങള്‍ക്കിടെ ശുഭപ്രതീക്ഷ നല്‍കുന്ന അപൂര്‍വം വാര്‍ത്തകളും അറബ് ലോകത്തു നിന്നുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷം പശ്ചിമേഷ്യന്‍ ലോകത്ത് സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങളും വാര്‍ത്തകളും വിശേഷങ്ങളും പരിശോധിക്കാം..

ജനുവരി

ജനുവരി 17- മൂന്നര പതിറ്റാണ്ട് നീണ്ട ഇടവേളക്കുശേഷം സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു.

ജനുവരി 20- പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫല്‍ ഖറദാവിയെ 2015ല്‍ ഈജിപ്തിലുണ്ടായ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഈജിപ്ത് സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഫെബ്രുവരി

ഫെബ്രുവരി 8- അഴിമതിക്കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ് സിയയെ കോടതി അഞ്ചു വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.

മാര്‍ച്ച്

മാര്‍ച്ച് 2- സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ വിമത കേന്ദ്രങ്ങളില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തില്‍ 600ലധികം ആളുകള്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച് 6- മുസ്‌ലിം-ബുദ്ധ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മാര്‍ച്ച് 22- പ്രമുഖ ഫലസ്തീന്‍ ഗായിക റിം ബന്ന അന്തരിച്ചു.

ഏപ്രില്‍

ഏപ്രില്‍ രണ്ട്- ഈജിപ്തില്‍ പതിവുപോലെ ഏകാധിപത്യ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടത്തി അബ്ദുല്‍ ഫത്താഹ് അല്‍ സീസി വീണ്ടും അധികാരമുറപ്പിച്ചു. സര്‍ക്കാറിനെ എതിര്‍ക്കുന്നവരെയും മുര്‍സി അനുകൂലികളെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഏപ്രില്‍ 8-സിറിയയിലെ കിഴക്കന്‍ ഗൂതയിലെ വിമത കേന്ദ്രങ്ങളില്‍ വീണ്ടും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ രാസായുധ ആക്രമണത്തില്‍ 100ലധികം ആളുകള്‍ കൊല്ലപ്പെട്ടു.

ഏപ്രില്‍ 13- പനാമ അഴിമതിക്കേസില്‍ ജയിലിലടക്കപ്പെട്ട മുന്‍ പ്രസിഡന്റ് നവാസ് ശരീഫിന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് സുപ്രീം കോടതിയുടെ ആജീവനാന്ത വിലക്ക്.

മെയ്

മെയ് 4- ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) ചെയര്‍മാനായി മഹ്മൂദ് അബ്ബാസിനെ വീണ്ടും തെരഞ്ഞെടുത്തു.

മേയ് 7-റഷ്യന്‍ പ്രസിഡന്റായി വ്‌ളാദ്മിര്‍ പുടിനെ നാലാമതും തെരഞ്ഞെടുക്കപ്പെട്ടു. സിറിയന്‍ യുദ്ധത്തിലെ പ്രധാന കക്ഷിയായ റഷ്യയുടെ തെരഞ്ഞെടുപ്പ് ഫലവും അറബ് മേഖലയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതായി.

മേയ് 8- 2015ല്‍ ഇറാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ആണവകരാറില്‍ നിന്ന് യു.എസ് പിന്മാറി. ഇതോടെ അമേരിക്കയും യു.എസും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചു.

മേയ് 9-ബിരസണ്‍ നാഷണലിന്റെ 60 വര്‍ഷത്തെ കുത്തക ഭരണത്തിന് അന്ത്യം കുറിച്ച് നജീബ് റസാഖിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രിയായി മഹാതീര്‍ മുഹമ്മദ് അധികാരത്തിലേറി.

മേയ് 14- തെല്‍അവീവില്‍ നിന്നും യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റി.

ജൂണ്‍

ജൂണ്‍ 2- ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ 21കാരിയായ റസാന്‍ അല്‍ നജ്ജാര്‍ എന്ന പാരാമെഡിക്കല്‍ വളന്റിയറെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നത് ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.

ജൂണ്‍ 19- യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും യു.എസ് പിന്മാറി.

ജൂണ്‍ 25- തുര്‍ക്കിയില്‍ 52.59 ശതമാനം വോട്ട് നേടി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും അധികാരത്തില്‍.

ജൂലൈ

ജൂലൈ 7- പാനമ അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലടച്ചു.

ജൂലൈ 19- ഇസ്രായേലിനെ ജൂത രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്‍ ഇസ്രായേല്‍ നിയമനിര്‍മാണ സഭ പാസാക്കി. ജറൂസലേമിനെ തലസ്ഥാനമായും ഹീബ്രു ഔദ്യോഗിക ഭാഷയായും പ്രഖ്യാപിച്ചു. ഫലസ്തീനു മേല്‍ കൂടുതല്‍ കടന്നാക്രമണങ്ങള്‍ നടത്താന്‍ ഉപകരിക്കുന്നതും ഫലസ്തീനെ ഉന്മൂലനം ചെയ്യാനുതകുന്നതുമായ ബില്ലായിരുന്നു അത്.

ജൂലൈ 30- ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിച്ചതിന് അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫലസ്തീന്‍ കൗമാര ആക്റ്റിവിസ്റ്റ് അഹദ് തമീമി ജയില്‍ മോചിതയായി.

ആഗസ്റ്റ്

ആഗസ്റ്റ് 7- ആണവ കരാര്‍ പിന്മാറ്റത്തിനു ശേഷം ഇറാനെതിരെ യു.എസ് ഉപരോധം ആരംഭിച്ചു.

ആഗസ്റ്റ് 11- ചൈനയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങില്‍ 10 ലക്ഷത്തിലധികം മുസ്‌ലിംകള്‍ അനിശ്ചിതകാല തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.

ആഗസ്റ്റ് 19- മുന്‍ ക്രിക്കറ്റ് താരവും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍ പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലേറി.

ആഗസ്റ്റ് 20- ഫലസ്തീന്‍ അതോറിറ്റിക്കുള്ള 20 കേടി ഡോളറിന്റെ സഹായം യു.എസ് വെട്ടിക്കുറച്ചു.

സെപ്റ്റംബര്‍

സെപ്റ്റംബര്‍ 23- രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാലിദ്വീപില്‍ അബ്ദുല്ല യമീന് കനത്ത തിരിച്ചടി നല്‍കി പ്രതിപക്ഷ നേതാവായ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് വിജയിച്ചു.

ഒക്ടോബര്‍

ഒക്ടോബര്‍ 2- സൗദിക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം പ്രതിഷേധവും ഉപരോധവുമടക്കമുള്ള നടപടികള്‍ കൈകൊള്ളാന്‍ വരെ കാരണമായ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം നടന്നത് 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു. ഇതോടെ മുള്‍മുനയിലായ സൗദി അറേബ്യ ഇന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്. 2018ല്‍ അറബ് ലോകം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് ഇനിയും തെളിയിക്കപ്പെടാത്ത ഖഷോഗി വധം.

നവംബര്‍

നവംബര്‍ 1- മതനിന്ദ ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച ക്രിസ്ത്യന്‍ യുവതി ആസിയ ബീവിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി.

നവംബര്‍ 8- യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം അംഗങ്ങളായി ഫലസ്തീന്‍ വംശജ റാഷിദ തലൈബും തഹ്‌ലീബ് ഇല്‍ഹാന്‍ ഉമറും തെരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 12- റോഹിങ്ക്യന്‍ കൂട്ടക്കുരുതിയില്‍ ഇടപെടാത്തതിനും പ്രതികരിക്കാത്തതിലും പ്രതിഷേധിച്ച് മ്യാന്മര്‍ പരമോന്നത നേതാവ് ആങ്‌സാന്‍ സൂകിക്ക് നല്‍കിയ പരമോന്നത് പുരസ്‌കാരം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തിരിച്ചെടുത്തു.

ഡിസംബര്‍

ഡിസംബര്‍ 1- പശ്ചിമേഷ്യയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമായ ഗള്‍ഫ് യുദ്ധത്തിന് വിത്ത് പാകിയ മുന്‍ യു.എസ് പ്രസിഡന്റ് കൂടിയായ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് സീനിയര്‍ അന്തരിച്ചു.

ഡിസംബര്‍ 18-സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ യു.എസ് സൈന്യത്തെയും പിന്‍വലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം.

ഡിസംബര്‍ 21 -സുഡാനില്‍ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും മൂലം ജനങ്ങള്‍ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിച്ചു. സമരക്കാര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു.

ഡിസംബര്‍ 25 -യെമന്‍ യുദ്ധത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന സൗദിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാംപയിന്‍.

ഡിസംബര്‍ 26- യു.എന്നില്‍ സ്ഥിരാംഗ്വത്വത്തിനായി വീണ്ടും അപേക്ഷിക്കുമെന്ന് ഫലസ്തീന്‍.

ഡിസംബര്‍ 31- ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശൈഖ് ഹസീനയുടെ അവാമി ലീഗിന് വിജയം. നാലാം തവണയും പ്രധാനമന്ത്രിയായി ഹസീന അധികാരത്തിലേറും.

Facebook Comments
Show More

Related Articles

Close
Close