Current Date

Search
Close this search box.
Search
Close this search box.

1969ന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ നടക്കാതിരിക്കുന്നത് ആദ്യമായി

ഖുദ്‌സ്: ഇസ്രയേല്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മസ്ജിദുല്‍ ജുമുഅ മുടങ്ങി. 1969 ആഗസ്റ്റില്‍ ആസ്‌ത്രേലിയക്കാരനായ മൈക്കള്‍ റോഹന്‍ മസ്ജിദുല്‍ അഖ്‌സക്ക് തീവെച്ചതിനെ തുടര്‍ന്നാണ് തൊട്ടടുത്ത ദിവസം അവിടെ ജുമുഅക്ക് വിലക്കേര്‍പ്പെട്ടത്. അതിന് ശേഷം ആദ്യമായിട്ടാണ് മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ തടയുന്നതെന്ന് അല്‍അഖ്‌സയിലെ ഖതീബ് ശൈഖ് ഇക്‌രിമ സ്വബ്‌രി പറഞ്ഞു. 1967ലാണ് മസ്ജിദുല്‍ അഖ്‌സ നിലകൊള്ളുന്ന കിഴക്കന്‍ ഖുദ്‌സില്‍ ഇസ്രയേല്‍ അധിനിവേശം നടത്തിയത്.
മസ്ജിദില്‍ ജുമുഅ നിര്‍വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഖുദ്‌സ് നഗരത്തിലെ റോഡുകളിലാണ് നൂറുകണക്കിന് ഫലസ്തീനികള്‍ ജുമുഅ നിര്‍വഹിച്ചത്. നമസ്‌കാര ശേഷം ‘അല്ലയോ അഖ്‌സാ, ഞങ്ങളുടെ രക്തവും ജീവനും നിനക്കായി സമര്‍പ്പിക്കുന്നു’ എന്ന് പ്രഖ്യാപിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞുപോയതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് വിവരിച്ചു.
ഇന്ന് രാവിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ജുമുഅക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് ഇസ്രയേല്‍ പോലീസിന്റെ പ്രഖ്യാപനമുണ്ടായത്. ഇനിയൊരുഅറിയിപ്പുണ്ടാകുന്നത് വരെ മസ്ജിദിന്റെ ഗേറ്റുകള്‍ അടച്ചിടുമെന്നും ഇസ്രയേല്‍ പോലീസ് വ്യക്തമാക്കി. എന്നാല്‍ മസ്ജിദ് അടക്കുന്നത് ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്.

Related Articles