Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഒരിടവേളക്കു ശേഷം ഗസ്സ വീണ്ടും കത്തുന്നു. ഗസ്സക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഫലസ്തീന്‍ പ്രതിരോധ സംഘടനയായ Palestinian Islamic Jihad movement (PIJ) അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ മൂന്ന് നേതാക്കളും അവരുടെ ഭാര്യമാരും കുട്ടികളും കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യം ചൊവ്വാഴ്ച രാവിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാസയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റികളിലെ ഇസ്രായേല്‍ നിവാസികളോട് നിയുക്ത ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാന്‍ ഇസ്രായേല്‍ സൈന്യം ഉപദേശിച്ചു.

കഴിഞ്ഞയാഴ്ച, നീണ്ടകാലം ഇസ്രായേല്‍ തടങ്കലില്‍ നിരാഹാര സമരം കിടന്ന പ്രമുഖ ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് ഖാദര്‍ അദ്നാന്‍ മരണപ്പെട്ടിരുന്നു. മരണത്തിനു പിന്നാലെ ഗസ്സയില്‍ നിന്നും ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇസ്രായേല്‍ മിസൈലുകള്‍ ഗാസ മുനമ്പിലും പതിച്ചിരുന്നു.

ചൊവ്വ പുലര്‍ച്ചെ 2 മണിക്ക് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങള്‍ അരങ്ങേറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജിഹാദ് അല്‍ ഗന്നം, ഖലീല്‍ അല്‍ ബഹ്തിനി, താരിഖ് ഇസ്സുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ഭാര്യമാരും ചില കുട്ടികളും എത്ര പേരാണ് കൊല്ലപ്പെട്ടതെന്നും അവരുടെ പ്രായത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗാസ സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മുകള്‍ നിലയിലും തെക്കന്‍ നഗരമായ റഫയിലെ ഒരു വീടിനു നേരെയുമാണ് സ്‌ഫോടനം ഉണ്ടായതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles