Current Date

Search
Close this search box.
Search
Close this search box.

ഹൂഥി നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി

റിയാദ്: ഹൂഥി നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ച് സൗദി അറേബ്യ. ഹൂഥി നേതാക്കളും സായുധ ഗ്രൂപ്പിലെ പോരാളികളുമായ നാല്‍പത് പേരുടെ പട്ടിക സൗദി പുറത്തുവിട്ടിട്ടുണ്ട്. സൗദിക്കെതിരെയുള്ള അവരുടെ ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍മാര്‍ അവരാണെന്നാണ് റിയാദ് ഭരണകൂടം പറയുന്നത്. അവരെ കുറിച്ച് വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൂഥി തലവവന്‍ അബ്ദുല്‍ മലിക് ബദ്‌റുദ്ദീന്‍ അല്‍ഹൂഥി, ഹൂഥി രാഷ്ട്രീയ സമിതി അധ്യക്ഷന്‍ സാലിഹ് അലി അസ്സ്വമ്മാദ് എന്നിവര്‍ ആ പട്ടികയിലുണ്ട്. എന്നാല്‍ ഹൂഥികളുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് പട്ടികയിലില്ലെന്നതും ശ്രദ്ധേയമാണ്.
ഹൂഥി തലവനെ അറസ്റ്റ് ചെയ്യാന്‍ സഹായകമാകുന്ന വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് കോടി ഡോളറും അസ്സമ്മാദിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് കോടി ഡോളറുമാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നേതാക്കള്‍ക്ക് അമ്പത് ലക്ഷം ഡോളര്‍ മുതല്‍ രണ്ട് കോടി ഡോളര്‍ വരെയുള്ള തുകയാണ് പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ പങ്കുവെക്കുകയും സൈനിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ ആരൊക്കെയാണ് ഭാഗവാക്കാകുന്നതെന്ന് അറിയാല്‍ ഹിസ്ബുല്ലക്കും ഹൂഥികള്‍ക്കുമിടയിലെ സഹകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും സൗദി പ്രസ്താവന പ്രഖ്യാപിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സുസ്ഥിരതക്ക് കോട്ടം വരുത്തുന്നതും ജനങ്ങളെ ഭീതിയാക്കുന്നതുമായ സൗദിക്കെതിരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും പ്രസ്താവന സൂചിപ്പിച്ചു.
അതേസമയം യമനുമായുള്ള മുഴുവന്‍ കര, വ്യോമ, ജല അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ അറബ് സഖ്യം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സന്നദ്ധ സഹായ സംഘങ്ങളുടെ വരവ് പോക്കുകളെ ഇത് ബാധിക്കില്ലെന്നും സഖ്യം വ്യക്തമാക്കി.  ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ലഭ്യമാക്കുന്ന ഇറാന്‍ ഇടപെടല്‍ സൗദിക്കെതിരെയുള്ള യുദ്ധ പ്രവര്‍ത്തനമായിട്ടാണ് കാണുന്നതെന്നും സഖ്യത്തിന്റെ പ്രസ്താവന അഭിപ്രായപ്പെട്ടു.

Related Articles