Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുല്ല നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 12 ദശലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍: അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുള്ള ലബനാന്‍ ഹിസ്ബുല്ല നേതാക്കളായ ത്വലാല്‍ ഹമിയ്യയെയും ഫുആദ് ശുക്‌റിനെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 12 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. അവര്‍ ഏത് രാജ്യത്താണെങ്കിലും അവര്‍ ഇപ്പോഴുള്ള സ്ഥലം നിര്‍ണയിക്കുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സഹായകമാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച്ച പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ലബനാന്‍ ഹിസ്ബുല്ലയെ നേരിടല്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കൗണ്ടര്‍ ടെററിസം കോര്‍ഡിനേറ്റര്‍ നാഥന്‍ സേല്‍സ് പറഞ്ഞു. ലോകത്തെ അങ്ങേയറ്റം അപകടകാരിയായിട്ടുള്ള ഭീകരസംഘടനകളില്‍ ഒന്നാണ് ഹിസ്ബുല്ലയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹമിയ്യയെ അറസ്റ്റ് ചെയ്യാന്‍ സഹായകമാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ദശലക്ഷം ഡോളറും ശുക്‌റിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളറുമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹിസ്ബുല്ലയുടെ അന്താരാഷ്ട്ര തലത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ലബനാന് പുറത്തുള്ള സംഘത്തിന്റെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന നേതാവെന്നാണ് ഹമിയ്യയെ പരിചയപ്പെടുത്തുന്നത്. ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന മുതിര്‍ന്ന ഹിസ്ബുല്ല പോരാളിയായിട്ടാണ് ശുക്‌റിനെ പരിചയപ്പെടുത്തുന്നത്. 1983 ഒക്ടോബര്‍ 23ന് ബെയ്‌റൂത്തില്‍ സൈനിക ബാരക്കിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ശുക്ര്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.

Related Articles