Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുല്ലയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ടം തുടരും: സൗദി

റിയാദ്: ലബനാന്‍ ഹിസ്ബുല്ലയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരാന്‍ തന്നെയാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും മറ നീക്കുന്നതിന് സഖ്യകക്ഷികളുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളും തുടരുമെന്നും സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പിടിയിലായ രണ്ട് പേര്‍ക്കും ഒരു കമ്പനിക്കും എതിരെ ഭീകരവാദം, അതിന് പണം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റംചുമത്തി നടപടി സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ഹിസ്ബുല്ലയുമായുള്ള ബന്ധത്തിന്റെ പേരില്‍ രണ്ട് ലബനാന്‍ പൗരന്‍മാരെയും ഇറാഖില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ലബനീസ് കമ്പനിയെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ദിവസങ്ങള്‍ക്ക് മുമ്പ് സൗദി ഭരണകൂടം അറിയിച്ചിരുന്നു. ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായ നടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചിരുന്നു. ആരോപണ വിധേയരായ വ്യക്തികള്‍ക്കും കമ്പനിക്കും എതിരെ സൗദിക്കൊപ്പം നിന്ന് സംയുക്തമായി നടപടി സ്വീകരിക്കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ഹം തബാജയെന്ന ബിസിനസുകാരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തി എന്നതാണ് മേല്‍പറയപ്പെട്ട വ്യക്തികള്‍ക്കെതിരെയുള്ള ആരോപണം. ലബനാനും ഇറാഖും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തബാജ ഹിസ്ബുല്ലക്ക് സാമ്പത്തികവും സായുധവുമായ സഹായം നല്‍കുന്നുണ്ടെന്നാരോപിച്ച് അമേരിക്ക അദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

Related Articles