Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ അവകാശമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പിന്തുണച്ചു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തു വന്നു. ആരെയും ഭയക്കാതെ ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്‌ലിം സ്ത്രീകള്‍ക്കുണ്ടെന്നും, ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവളുടെ തീരുമാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം മതവിശ്വാസത്തിന്റെ ഭാഗമായ ഹിജാബിന് ഏതാനും രാഷ്ട്രങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ ‘മതചിഹ്നങ്ങള്‍ക്ക്’ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ ഭാഗമായാണ് ഫ്രാന്‍സ് ഹിജാബ് നിരോധിച്ചത്.
ബല്‍ജിയം, നെതര്‍ലാണ്ട്, സ്വിറ്റ്‌സര്‍ലാണ്ടിന്റെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ബുര്‍ഖ, നിഖാബ് പോലെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്കുണ്ട്. ബ്രിട്ടനില്‍, മുസ്‌ലിംകളുടെ ബുര്‍ഖ നിരോധിക്കണമെന്ന് യുകിപ് നേതാവ് പോള്‍ നുട്ടാല്‍ ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച്ച പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യവേളയില്‍ എസ്.എന്‍.പി എം.പി തസ്‌നിമ അഹ്മദ് ശൈഖാണ് ഹിജാബുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ‘ഇന്ന് ലോക ഹിജാബ് ദിനമാണ്. ആരെയും ഭയക്കാതെ തങ്ങളുടെ ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി എന്റെ കൂടെ നില്‍ക്കുമോ എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട് – തീര്‍ച്ചയായും, എന്ത് എപ്പോള്‍ ധരിക്കണമെന്നത് എല്ലായിടത്തേയും സ്ത്രീകളുടെ അവകാശമാണ്,’ അവര്‍ പറഞ്ഞു. വിഷയത്തില്‍ മിസിസ് അഹ്മദ് ശൈഖിനോട് താന്‍ യോജിക്കുന്നുവെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ‘ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ ഉയര്‍ത്തി പ്രശ്‌നത്തില്‍, ഞാന്‍ പൂര്‍ണ്ണമായും അവരുടെ കൂടെ തന്നെയാണ്. ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ പാര്‍ലമെന്റിന് മുമ്പാകെ തെരേസ മേ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹിജാബ് നിരോധനത്തെ അനുകൂലിച്ചിരുന്നു.

Related Articles