Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ബോക്‌സിംഗ് താരത്തെ പുറത്താക്കി

ഫ്‌ളോറിഡ : ഹിജാബ് ധരിച്ചതിന്റെ പേരില്‍ യുവവനിതാ ബോക്‌സറെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഫ്‌ളോറിഡയിലാണ് സംഭവം. മിനെസോട്ടെയിലെ ഓക്‌ഡേലില്‍ നിന്നുള്ള അമയ്യ സഫറാണ് നവംബര്‍ 20-ന് നടന്ന മത്സരത്തില്‍ നിന്നും അവസാന നിമിഷം പുറത്താക്കപ്പെട്ടത്. കിസ്സിമ്മെയില്‍ നടന്ന ഷുഗര്‍ ബെര്‍ട്ട് ബോക്‌സിംഗ് ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് സംഭവം നടന്നത്. ഗ്ലൗസ് അണിഞ്ഞ് ബോക്‌സിംഗ് റിംഗിലേക്ക് ഇറങ്ങാനിരിക്കെയാണ് മത്സരത്തിന്റെ സംഘാടകരില്‍ ഒരാള്‍ വന്ന് ഹിജാബ് ധരിച്ച് മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതെന്ന് സഫറിന്റെ ഉമ്മ പറഞ്ഞു.
അതേസമയം സഫറിന്റെ എതിരാളി അലിയ ചാര്‍ബൊനീര്‍ സഫറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുന്നോട്ട് വന്നു. സഫര്‍ അയോഗ്യയാക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് ലഭിച്ച വിജയിയുടെ ബെല്‍റ്റ് ചാര്‍ബൊനീര്‍ സഫറുമായി പങ്കുവെച്ചു. ‘ഇത് അനീതിയാണ്. നീയാണ് യഥാര്‍ത്ഥ വിജയി’ എന്ന് പറഞ്ഞു കൊണ്ട് ചാര്‍ബൊനീര്‍ തനിക്ക് ലഭിച്ച ബെല്‍റ്റ് സഫറിന്റെ അരയില്‍ അണിയിച്ചു. ‘അവള്‍ എന്ത് ധരിക്കുന്നു എന്നത് എനിക്കൊരു പ്രശ്‌നമല്ല. അവളുടെ കാര്യത്തില്‍ എനിക്ക് അതിയായ വിഷമമുണ്ട്. ഹിജാബ് ഒരു പ്രശ്‌നമല്ലെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞുനോക്കി. പക്ഷെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നാണ് അവര്‍ പറഞ്ഞത്.’ ചാര്‍ബൊനീര്‍ പറഞ്ഞു.
‘വിവേചനപരമായ നയങ്ങളുടെ തടസ്സങ്ങള്‍ കൂടാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കായിക മേഖല തെരഞ്ഞെടുക്കാന്‍ എല്ലാ അത്‌ലറ്റുകള്‍ക്കും കഴിയുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവേണ്ടതുണ്ട്.’ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ നാഷണല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇബ്രാഹിം ഹൂപ്പര്‍ പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നും വരുന്ന മത്സരാര്‍ത്ഥികളുടെ മതകീയാവശ്യങ്ങള്‍ പരിഗണിച്ച് ഒരുപാട് അന്താരാഷ്ട്ര കായിക സംഘടനകള്‍ തങ്ങളുടെ നിയമങ്ങളും നയങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അന്താരാഷ്ട്ര ഭാരദ്വാഹന ഫെഡറേഷനും, ഫിഫയും ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ എടുത്ത് മാറ്റിയിരുന്നു.

Related Articles