Current Date

Search
Close this search box.
Search
Close this search box.

ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക

കോഴിക്കോട്: ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു കൊണ്ട് നവംബര്‍ ഏഴിന് (ചൊവ്വ) സോളിഡാരിറ്റിയും എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്ത മാര്‍ച്ച് നടത്തുമെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ഇബ്‌നു ഹംസ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം ഇന്ന് വലിയൊരു സംവാദത്തിന്റെ ചൂടിലാണ്. വൈക്കത്തെ അഖിലയെന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ച് ഹാദിയയായി മാറിയതിനെ തുടര്‍ന്നാണ് സംവാദം രൂപപ്പെടുന്നത്. മതംമാറ്റത്തെ ഒരുനിലക്കും പൊറുപ്പിക്കാത്ത സംഘ്പരിവാര്‍ ശക്തികളാണ് സംവാദത്തെ പ്രതികൂലമായ സാഹചര്യത്തില്‍ എത്തിച്ചിരിക്കുന്നത്. ഏതു വിശ്വാസം സ്വീകരിക്കണം, ഏതു വിശ്വാസം സ്വീകരിക്കണ്ട, മതം വേണോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങള്‍ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഈവക കാര്യങ്ങള്‍ക്ക് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ഇന്ത്യന്‍ ഭരണഘടന ഈ തത്വത്തിന് സര്‍വ്വാത്മനാ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, വംശീയബോധം വേണ്ടുവോളം ആവാഹിച്ച സംഘ്പരിവാര്‍ ശക്തികള്‍ക്ക് മുമ്പില്‍ ഭരണാഘടനാ തത്വങ്ങള്‍ അപ്രസക്തമാണ്. മതേതരപ്രസ്ഥാനങ്ങളും ലിബറല്‍ ബുദ്ധിജീവികളും ഹാദിയയുടെ മതംമാറ്റത്തെ അംഗീകരിക്കുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കളോടൊപ്പം വിടാനുള്ള ഹൈക്കോടതി തീരുമാനം വരുന്നത് കഴിഞ്ഞ മെയ് മാസത്തിലാണ്. അതിനുശേഷം എല്ലാവിധ മാനുഷിക പരിഗണനകളും റദ്ദുചെയ്യപ്പെട്ട് ആറുമാസത്തോളമായി പിതാവിന്റെ വീട്ടുതടങ്കലിലാണ് ഹാദിയ കഴിയുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന് ഹാദിയ തന്നെ വീഡിയോ ടേപ്പിലൂടെ വ്യക്തമാക്കിയതാണ്. വിഷയം സുപ്രീകോടതിയിലെത്തിയപ്പോള്‍ അവരെ തടവിലിടുന്നത് ശരിയല്ലയെന്ന് ഒന്നിലധികം തവണ സുപ്രീകോടതി വ്യക്തമാക്കിയിട്ടുണ്ട്. അവസാനം, ഈ വരുന്ന നവംബര്‍ 27ന് ഹാദിയയെ  നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി തന്നെ വിധിച്ചിരിക്കുകയാണ്.
ഹാദിയയെ ആരോഗ്യത്തോടെയും സ്വബോധത്തോടെയും കോടതിയില്‍ ഹാജരാക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണ്. എന്നാല്‍, ഹാദിയ സുരക്ഷിതയാണെന്ന സുതാര്യമല്ലാത്ത പോലീസ് റിപ്പോര്‍ട്ട് പുറത്തുവിടുക മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. വനിതാ കമ്മീഷനും മനുഷ്യവാവകാശ കമ്മീഷനും വിഷയത്തില്‍ ഇപ്പോഴും കാര്യമായി ഇടപെട്ടിട്ടില്ല. കോടതിക്ക് മുമ്പാകെ ഹാദിയ സ്വബോധത്തോടെ ഹാജരാക്കപ്പെടുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കണം. ഈ സാഹചര്യത്തിലാണ് ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, ഹാദിയക്ക് വൈദ്യസഹായം ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, അവര്‍ക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ വരുന്ന ചൊവ്വാഴ്ച്ച (നവംബര്‍ 7) സംയുക്ത കലക്‌ട്രേറ്റ് മാര്‍ച്ച് നടത്താന്‍ കോഴിക്കോട് ജില്ലാ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാംഗം ഖാലിദ് മൂസാ നദ്‌വി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ശാഹിന്‍ സി.എസ്, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം രിസ്‌വാന ഒ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.സി അന്‍വര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് സ്വാലിഹ് കോട്ടപ്പള്ളി, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ശരീഫ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി ശമീര്‍ ബാബു കൊടുവള്ളി, എസ്.ഐ.ഒ വൈസ് പ്രസിഡന്റ് വാഹിദ് കുന്ദമംഗലം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.       

Related Articles