Current Date

Search
Close this search box.
Search
Close this search box.

ഹമാസ് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇസ്രയേല്‍

തെല്‍അവീവ്: ആക്രമണങ്ങള്‍ നടത്തി രക്തസാക്ഷികളായ ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന് സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇസ്രയേല്‍ മിനി കാബിനറ്റ് തീരുമാനിച്ചു. അവരെ അക്കങ്ങളുടെ ശ്മശാനത്തില്‍ (Cemeteries of numbers) മറമാടിയാല്‍ മതിയെന്നാണ് ഇസ്രയേല്‍ തീരുമാനം. അധിനിവേശ ശക്തികളുടെ ഫാഷിസ്റ്റ് സ്വഭാവത്തിന്റെ തെളിവാണിതെന്ന് ഹമാസ് വ്യക്തമാക്കി.
‘ഹമാസ് ഭീകരരുടെ’ മൃതദേഹങ്ങള്‍ കൈമാറുന്നതിന് പകരം മറമാടാന്‍ മിനി ക്യാബിനറ്റ് തീരുമാനിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വക്താവ് ഒഫിര്‍ ജെന്‍ഡല്‍മാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഗസ്സയില്‍ തടഞ്ഞു വെക്കപ്പെട്ടിരിക്കുന്ന പൗരന്‍മാരെയും രണ്ട് സൈനികരുടെ മൃതദേഹങ്ങളും വീണ്ടെടുക്കുന്നതിനുള്ള മാര്‍ഗമായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങള്‍ വിട്ടുനല്‍കേണ്ടെന്ന തീരുമാനം നിയമവിരുദ്ധ സംഘങ്ങള്‍ സ്വീകരിക്കുന്ന കാടത്തപരമായ സമീപനമാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ അതൊരിക്കലും തങ്ങളുടെ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കുയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനെ ബാധിച്ചിരിക്കുന്ന ചിന്താകുഴപ്പത്തിന്റെ തെളിവാണ് ഈ തീരുമാനമെന്ന് മറ്റൊരു ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. തടവുകാരോടും രക്തസാക്ഷികളുടെ മൃതദേഹങ്ങളോടുമുള്ള അധിനിവേശകരുടെ ഫാഷിസ്റ്റ് സമീപനവും അത് വ്യക്തമാക്കുന്നു. ഹമാസിന്റെ പക്കലുള്ള ഇസ്രയേല്‍ ബന്ധികളുടെ കാര്യം ഹമാസും അല്‍ഖസ്സാമും യുക്തിയോടെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇസ്രയേലിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് ഈ തീരുമാനം എടുത്തു കാണിക്കുന്നതെന്ന് ഫലസ്തീന്‍ തടവുകാരുടെ കൂട്ടായ്മയുടെ അധ്യക്ഷന്‍ ഖദൂറ ഫാരിസ് അഭിപ്രായപ്പെട്ടു.

Related Articles