Current Date

Search
Close this search box.
Search
Close this search box.

ഹമാസും ഫതഹും ധാരണയിലെത്തിയതായി ഹനിയ്യയുടെ പ്രഖ്യാപനം

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാന നഗരിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഹമാസും ഫതഹും ധാരണയിലെത്തിയതായി ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ പ്രഖ്യാപിച്ചു. ഹമാസിന്റെ മാധ്യമ വിഭാഗത്തിലെ അംഗമായ താഹിര്‍ അന്നൂനുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കരാറിന്റെ വിശദാംശങ്ങള്‍ ഇന്ന് ഉച്ചക്ക് കെയ്‌റോയില്‍ ഇരുകക്ഷികളും നടത്തുന്ന സംയുക്ത പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിച്ചു.
വിയോജിപ്പ് അവസാനിപ്പിച്ച് ദേശീയ അനുരഞ്ജനം സാധ്യമാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഫതഹ് പാര്‍ട്ടി പ്രതിനിധി സംഘത്തോട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അറബ് ലീഗിലെ ഫലസ്തീന്‍ പ്രതിനിധി ജമാല്‍ അശ്ശുബ്കി പറഞ്ഞിരുന്നു. കെയ്‌റോയിലെ കൂടിക്കാഴ്ച്ചകള്‍ ദേശീയ അനുരഞ്ജനത്തിനുള്ള സുവര്‍ണാവസരമാണെന്നും അത് പാഴാക്കരുതെന്നും അബ്ബാസ് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നാണ് ഹമാസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഫലസ്തീന്‍ അനുരഞ്ജനവും ഗസ്സയുടെ പ്രതിസന്ധിയുമായും ബന്ധപ്പെട് നിരവധി വിഷയങ്ങളാണ് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്തതെന്നും അനുകൂലമായ ഒരന്തരീക്ഷമാണ് ഉണ്ടായിരുന്നതെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു.

Related Articles