Current Date

Search
Close this search box.
Search
Close this search box.

ഹമദ് തുറമുഖം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ഉമ്മുല്‍ ഹൂല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹമദ് തുറമുഖം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളോട് കൂടിയതുമായ ഒരു തുറമുഖമാണിത്. മിഡിലീസ്റ്റിലെ വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഇതിലൂടെ ഇവിടെ കേന്ദ്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ 11 ഗതാഗത മന്ത്രിമാരും മൊറോക്കോ, ഒമാന്‍, കുവൈത്ത്, ഇറ്റലി, ഫ്രാന്‍സ്, ബള്‍ഗേറിയ, അസര്‍ബീജാന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പ്രൊജക്ട് എന്ന അംഗീകാരം തുറമുഖം കരസ്ഥമാക്കിയിരിക്കുകയാണെന്ന് ഖത്തര്‍ ഗതാഗത മന്ത്രി ജാസ്സിം ബിന്‍ സൈഫ് അസ്സുലൈത്വി അഭിപ്രായപ്പെട്ടു. ഖത്തറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രയത്‌നത്തിന്റെയും അടയാളമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ തുറമുഖം ഖത്തറില്‍ സ്വകാര്യമേഖലയില്‍ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അല്‍ജസീറ റിപോര്‍ട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിതര ഉല്‍പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോടനുബന്ധിച്ച് പ്രത്യേക സാമ്പത്തിക മേഖലയും സംവിധാനിച്ചിട്ടുണ്ട്. മൂന്ന് ദശലക്ഷം ആളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ഭഷ്യോല്‍പന്നങ്ങള്‍ സംഭരിച്ച് വെക്കാനുള്ള സംവിധാനവും തുറമുഖത്തോടനുബന്ധിച്ച് ഉണ്ടെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
നേരത്തെ നിശ്ചയിച്ചതില്‍ നിന്നും ആറ് മാസം നേരത്തെയാണ് ഖത്തറിലെ ഈ തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 7.5 ബില്യണ്‍ ഡോളറാണ് ഈ പദ്ധതിക്കുള്ള ചെലവായി കണക്കുകൂട്ടിയിരുന്നതെങ്കിലും അതിനേക്കാള്‍ കുറഞ്ഞ സംഖ്യക്ക് ഇത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നും റിപോര്‍ട്ട് പറഞ്ഞു. ഖത്തറിന് മേലുള്ള ഉപരോധം മറികടക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ ഈ തുറമുഖത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles