Current Date

Search
Close this search box.
Search
Close this search box.

ഹദാരിം തടവറയിലേക്ക് മാറ്റാതെ നിരാഹാരം നിര്‍ത്തിവെക്കില്ല: മര്‍വാന്‍ ബര്‍ഗൂഥി

വെസ്റ്റ്ബാങ്ക്: ഇസ്രയേല്‍ ജയിലധികൃതരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ തങ്ങളുടെ നിരാഹാര സമരം നിര്‍ത്തിവെച്ചെങ്കിലും ഫതഹ് പാര്‍ട്ടി നേതാവ് മര്‍വാന്‍ ബര്‍ഗൂഥി നിരാഹാരം നിര്‍ത്തിവെക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഫലസ്തീന്‍ തടവുകാരുടെ വേദി വ്യക്തമാക്കി. ഹദാരിം തടവറയിലേക്ക് തന്നെ മാറ്റുന്നത് വരെ നിരാഹാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും റിപോര്‍ട്ട് സൂചിപ്പിച്ചു. ഫലസ്തീന്‍ ഗ്രൂപ്പുകളുടെ പ്രതിനിധീകരിക്കുന്ന സമിതിയുമായി കൂടിക്കാഴ്ച്ച നടത്തുകയും നിരാഹാരത്തിലുള്ള തടവുകാരെ അവര്‍ നേരത്തെയുണ്ടായിരുന്ന ജയിലുകളിലേക്ക് മടക്കുമെന്നും അവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പു ലഭിച്ചാലല്ലാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നതാണ് ബര്‍ഗൂഥിയുടെ നിലപാട്.
നിരാഹാര സമരത്തെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ ഇസ്രയേലിന് സാധിക്കാത്തത് ആഭ്യന്തര ഐക്യം മുറുകെ പിടിച്ച തടവുകാരുടെ വിജയത്തെയാണ് കുറിക്കുന്നതെന്ന് റൈമൂന്‍ ജയിലിലെ തടവുകാരനായ അഹ്മദ് സഅ്ദാത്തിന്റെ കത്ത് വ്യക്തമാക്കി. പ്രസ്തുത ഐക്യം തകര്‍ക്കാന്‍ രാഷ്ട്രീയ വിയോജിപ്പുകളെ അവര്‍ അനുവദിച്ചില്ലെന്നും കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
തടവുകാരുടെ കുടുംബങ്ങളുടെ സന്ദര്‍ശനത്തിന്റെ എണ്ണത്തിലും ടെലിഫോണ്‍ സംഭാഷണത്തിലുമുള്ള വര്‍ധനവ്, സെല്ലുകളിലെ തടവുകാരുടെ എണ്ണത്തിന്റെ പരിധി തുടങ്ങിയ കാര്യങ്ങളില്‍ ഇസ്രയേല്‍ ജയില്‍ അധികൃതരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്ച്ച നൂറുകണക്കിന് തടവുകാര്‍ നിരാഹാര സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. നിരാഹാരത്തില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ ആവശ്യങ്ങളില്‍ 80 ശതമാനവും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തടവുകാരുടെ വേദി അധ്യക്ഷന്‍ ഈസാ ഖറാഖിഅ് പറഞ്ഞു.

 

Related Articles