Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് സബ്‌സിഡി; പഠനം നടത്താന്‍ കേന്ദ്രം സമിതിയെ നിശ്ചയിച്ചു

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി സംബന്ധിച്ച് പഠനം നടത്താന്‍ ആറംഗ സമിതിയെ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഹജ്ജ് സബ്‌സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് കമ്മിറ്റിയെന്ന്  ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി. പത്തുവര്‍ഷംകൊണ്ട് ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 2012 മുതല്‍ ഹജ്ജ് സ്ബ്‌സിഡി തുകയില്‍ വര്‍ഷം തോറും 10 ശതമാനം വീതം കുറവ് വരുത്താറുണ്ട്. ഇതേതുടര്‍ന്ന്  2012ല്‍ 836 കോടിയായിരുന്ന ഹജ്ജ് സബ്‌സിഡി 2015ല്‍ 500 കോടിയില്‍ താഴെയായി കുറഞ്ഞു. വര്‍ഷം തോറും തുകയില്‍ കുറവ് വരുത്തുന്ന രീതി തുടര്‍ന്നാല്‍ 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാകും.
അതേസമയം ഹജ്ജ് സബ്‌സിഡി ഒഴിവാകാകി ആ തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നീക്കിവെക്കണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. സാമ്പത്തിക ശേഷിയുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ട നിര്‍ബന്ധ കര്‍മമാണ് ഹജ്ജ്. സബ്‌സിഡിയുടെ പ്രയോജനം ഹാജിമാര്‍ക്ക് ലഭിക്കുന്നില്ലെന്നും അത് എയര്‍ ഇന്ത്യക്കോ വിദേശ വിമാനകമ്പനികള്‍ക്കോ ആണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് സബ്‌സിഡിക്ക് നീക്കിവെക്കുന്ന 450 കോടി രൂപ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വിനിയോഗിച്ചാല്‍ രാജ്യത്തിനും മുസ്‌ലിം വിഭാഗത്തിനും കരുത്തേകാന്‍ സഹായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്.

Related Articles