Current Date

Search
Close this search box.
Search
Close this search box.

സൗഹൃദാന്തരീക്ഷത്തിന് നേരെ ചോദ്യചിഹനങ്ങള്‍ ഉയരുന്നു: ഡോ. എം.ജി.എസ് നാരായണന്‍

മലപ്പുറം: രാജ്യത്തെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും അവസ്ഥക്ക് നേരെ അടുത്തകാലത്ത് ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സൗഹൃദത്തിന്റെ വില നിരന്തരം ഊട്ടിയുറപ്പിക്കേണ്ട സന്ദര്‍ഭമാണിതെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ‘സമാധാനം, മാനവികത’ ദേശീയ കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി കേരള മലപ്പുറത്ത് സംഘടിപ്പിച്ച ‘സൗഹൃദമാണ് മലബാറിന്റെ പാരമ്പര്യം’ സൗഹൃദസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടിന് കട്ടികൂടുമ്പോഴാണ് പ്രഭാതം പൊട്ടിവിടരുക എന്നതുകൊണ്ട് ഈ അപസ്വരങ്ങളില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവികത രാജ്യത്തിന്റെ സംസ്‌കാരമായി മാറണമെന്നും രാജ്യത്തിന്റെ വൈവിധ്യത്തിനും സൗഹാര്‍ദാന്തരീക്ഷത്തിനും വിള്ളല്‍ വീഴ്ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം ഉയരണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു.
മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രമുഖരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങിന് ഡോ. എം.ജി.എസ് നാരായണന്‍ നേതൃത്വം നല്‍കി. സാമൂതിരി കുടുംബാംഗം കൃഷ്ണകുമാര്‍, വാരിയന്‍കുന്നത്ത് കുടുംബാംഗം അലവി എന്ന കുഞ്ഞാന്‍, ഖാദി മുഹമ്മദിന്റെ കുടുംബാംഗം കെ.വി. ഇമ്പിച്ചി ഹാജി, എം.പി. നാരാണനമേനോന്റെ കുടുംബാംഗം എം.പി. കൃഷ്ണകുമാര്‍, എ.കെ. കോഡൂറിന്റെ കുടുംബാംഗം എ.കെ. മൊയ്തീന്‍, ആലി മുസ്‌ലിയാരുടെ കുടുംബാംഗം അബ്ദുല്‍ അലി മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിച്ചു. മലബാറിന്റെ ചരിത്രം തന്നെ സൗഹൃദത്തിന്റെതും മൈത്രിയുടെതുമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. സാഹിത്യകാരന്‍മാരായ പി. സുരേന്ദ്രന്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  സമീര്‍ ബിന്‍സി ഗാനവും ഡോ. ജമീല്‍ അഹമ്മദ് കവിതയും അവതരിപ്പിച്ചു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. ഹുസൈന്‍ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ നന്ദിയും പറഞ്ഞു.

Related Articles