Current Date

Search
Close this search box.
Search
Close this search box.

സൗഹൃദത്തിന് ശക്തി പകര്‍ന്ന് യാമ്പുവില്‍ സൗഹൃദ സംഗമം

യാമ്പു: ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയും രാജ്യത്തിന്റെ മത സാംസ്‌കാരിക വൈവിധ്യവും ഉദ്‌ഘോഷിച്ച് ‘സമാധാനം മാനവികത’ എന്ന തലക്കെട്ടില്‍ തനിമ സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി തനിമ യാമ്പു സോണ്‍ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം ഐക്യത്തിന്റെ സ്‌നേഹ സദസ്സായി മാറി. വിദ്വേഷത്തിന്റയും സ്പര്‍ദ്ധയുടെയും വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ കൈമാറുന്ന സന്ദര്‍ഭങ്ങള്‍ നിരന്തരം ഉണ്ടാവേണ്ടതുണ്ടെന്ന് സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ സഹോദര്യത്തിലധിഷ്ടിതമായ സഹജീവിതത്തിനുവേണ്ടി നില കൊള്ളാന്‍ സാധിക്കുംവിധം ഫാസിസ്റ്റു വിരുദ്ധ കൂട്ടായ്മകള്‍ വിശാലമാകണം. അസഹിഷ്ണുത പടരുന്ന സമകാലിക സാഹചര്യത്തില്‍ മതസൗഹാര്‍ദത്തിനും സമാധാനത്തിനും വിള്ളല്‍ വീഴാതിരിക്കാന്‍ എല്ലാ ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സൗഹൃദ സംഗമം പൊതുസമൂഹത്തെ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ശക്തി നിലകൊള്ളുന്നത് ബഹുസ്വരതയിലും വൈവിധ്യമാര്‍ന്ന സാമൂഹിക ചട്ടക്കൂട്ടിലുമാണ്. വര്‍ഗീയവത്കരണം രാജ്യത്ത് സ്ഥാപനവത്ക്ക രിക്കപ്പെട്ടു കഴിഞ്ഞു. ഈ വെല്ലുവിളികള്‍ നേരിടാന്‍ വ്യവസ്ഥാപിതവും സംഘടിതവുമായ പ്രതികരണങ്ങള്‍ ഉണ്ടാവണമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍മജീദ് സുഹ്‌രി, അബ്ദുല്‍ അസീസ് കാവുമ്പുറം, അബൂബക്കര്‍ മേഴത്തൂര്‍ (യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), അബ്ദുല്‍കരീം പുഴക്കാട്ടിരി, ബഷീര്‍ മുണ്ടോളി (കെ.എം.സി.സി), രാജന്‍ നമ്പ്യാര്‍, യൂസുഫ് (നവോദയ), ഷൈജു എം സൈനുദ്ദീന്‍ (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), അഷ്‌ക്കര്‍ വണ്ടൂര്‍, സിദ്ധീഖുല്‍ അക്ബര്‍ (ഒ.ഐ.സി.സി), സോജി ജേക്കബ്, രാഹുല്‍ രാജന്‍ (പ്രവാസി സാംസ്‌കാരികവേദി), ഇര്‍ഫാന്‍ നൗഫല്‍ (യൂത്ത് ഇന്ത്യ), നസിറുദ്ദീന്‍ ഓമണ്ണില്‍, അബൂബക്കര്‍ കുറ്റിപ്പുറം (തനിമ) എന്നിവര്‍ സംസാരിച്ചു. തനിമ യാമ്പു സോണല്‍ പ്രസിഡണ്ട് സലിം വേങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസിമുദ്ദീന്‍ സ്വാഗതവും സമിതിയംഗം അനീസുദ്ദീന്‍ ചെറുകുളമ്പ് നന്ദിയും പറഞ്ഞു.

Related Articles