Current Date

Search
Close this search box.
Search
Close this search box.

സൗദി ശൂറാ കൗണ്‍സിലും പണ്ഡിതവേദിയും പുനക്രമീകരിക്കാന്‍ ഉത്തരവ്

റിയാദ്: സൗദി ശൂറാ കൗണ്‍സിലും പണ്ഡിതവേദിയും പുനക്രമീകരണങ്ങള്‍ വരുത്താന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഉത്തരവ്. ശൂറാ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ അംറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനും ഉത്തരവുണ്ട്. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി മുഫ്‌രിജ് ഹുഖ്ബാനിയെ മാറ്റി തല്‍സ്ഥാനത്ത് അലി ഗഫീദിനെ പകരക്കാരനാക്കാനും സല്‍മാന്‍ രാജാവ് കല്‍പിച്ചിട്ടുണ്ട്.
2009 മുതല്‍ മുതല്‍ ശൂറാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീമിന് തന്നെ പുതിയ കൗണ്‍സിലിലും അധ്യക്ഷസ്ഥാനം നല്‍കാനാണ് തീരുമാനം. ശൂറാ കൗണ്‍സിലിന്റെ കാലാവധി കഴിയുന്ന പശ്ചാത്തലത്തിലാണ് അഴിച്ചു പണിക്കുള്ള രാജ കല്‍പന. സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയതിന് ശേഷം 2015 ജനുവരി 23നാണ് കഴിഞ്ഞ ശൂറയെ തെരെഞ്ഞെടുത്തത്. ഹിജ്‌റ വര്‍ഷം പ്രകാരം നാല് വര്‍ഷത്തെ കാലാവധിയിലാണ് ശൂറൗ കൗണ്‍സില്‍ അംഗങ്ങളെ തെരെഞ്ഞെടുക്കാറുള്ളത്. ശൂറയിലെ ആകെ 150 അംഗങ്ങളില്‍ 30 പേര്‍ സ്ത്രീകളാണ്. പുതിയ നിയമങ്ങളില്‍ ഭരണകൂടത്തിന് നിര്‍ദേശങ്ങള്‍ നല്‍കുകയെന്ന ചുമതലയാണ് സൗദി ശൂറാ കൗണ്‍സിലിനുള്ളത്.
മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ ശൈഖിന്റെ നേതൃത്വത്തില്‍ സൗദി പണ്ഡിതവേദിയിലും പുനക്രമീകരണങ്ങള്‍ നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles