Current Date

Search
Close this search box.
Search
Close this search box.

സൗദി രാജകുമാരന്‍ ഇസ്രായേല്‍ അനുകൂല സംഘവുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേല്‍ അനുകൂല സംഘടനയും ബി.ഡി.എസ് മൂവ്‌മെന്റിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ബിന്‍ സല്‍മാന്‍ അമേരിക്ക സന്ദര്‍ശിച്ച വേളയിലാണ് നിരവധി വലതുപക്ഷ ജൂത സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ബോയ്‌കോട്ട്,ഡിവെസ്റ്റ്‌മെന്റ്,സാങ്ഷന്‍സ് (ബി.ഡി.എസ്) എന്ന സംഘടനക്കെതിരായ ക്യാംപയിന് വന്‍ സാമ്പത്തിക പിന്തുണ നല്‍കുന്ന സംഘടനകളുടെ നേതാക്കളുമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാന്‍ഡ് അപ് ഫോര്‍ ഇസ്രായേല്‍ (എ.ഡി.എല്‍),എ.ഐ.പി.എ.സി, വടക്കേ അമേരിക്കയിലെ ജൂത ഫെഡറേഷനായ ജെ.എഫ്.എന്‍.എ എന്നീ സംഘടനകളിലെ നേതാക്കളുമായാണ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തിയത്. രാജകുമാരന്റെ അമേരിക്കന്‍ യാത്രയുടെ ചോര്‍ന്ന വിവരങ്ങള്‍ ഹാരെറ്റ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും വിമര്‍ശനമുണ്ട്. ഫലസ്തീനില്‍ വ്യാപക രീതിയില്‍ കൈയേറ്റവും അധിനിവേശവും നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ  പിന്തുണക്കുകയും ഇതിനായി വലിയ തുക സംഭാവന നല്‍കുകയും ചെയ്യുന്ന ജൂത അനുകൂല സംഘടനകളുടെ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയ ബിന്‍ സല്‍മാന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ കനത്ത വിമര്‍ശനമുയരുന്നുണ്ട്.

 

Related Articles