Current Date

Search
Close this search box.
Search
Close this search box.

സൗദി മതകാര്യ പോലീസിനെ പിരിച്ചുവിടണമെന്ന് നിര്‍ദേശം

റിയാദ്: ‘നന്മ കല്‍പിക്കുക തിന്മ തടയുക’ എന്ന ദൗത്യം നിര്‍വഹിക്കുന്ന സൗദിയുടെ ഔദ്യോഗിക മതകാര്യ പോലീസിന്റെ ഉത്തരവാദിത്വങ്ങളില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന് സൗദി ശൂറാ കൗണ്‍സിലിലെ മൂന്ന് അംഗങ്ങള്‍ ശുപാര്‍ശചെയ്തു. നന്മ കല്‍പിക്കുക തിന്മ തടയുക എന്നത് എല്ലാവരെയും പോലെ സൗദി നിര്‍വഹിക്കേണ്ട ഉത്തരവാദിത്വമാണെന്നും അതിന്റെ നിര്‍വഹണത്തിന് പ്രത്യേകമൊരു വിഭാഗത്തിന്റെ പ്രസക്തിയില്ലെന്നുമാണ് അവരുടെ വാദം.
എന്നാല്‍ രാജ്യം നേരിടുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് മതേതരത്വത്തിലേക്കുള്ള രാജ്യത്തിന്റെ ചായ്‌വായിട്ടാണ്  പ്രസ്തുത നീക്കത്തെ വിമര്‍ശിക്കുന്നവര്‍ വിലയിരുത്തുന്നത്. മതാധിഷ്ഠിത രാജ്യത്തില്‍നിന്ന് മതേതരത്വത്തിലേക്ക് മാറുന്നതിലുള്ള സൗദിയുടെ തിടുക്കം വരുംഘട്ടത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് പൊളിറ്റിക്കല്‍ എത്തിക്‌സ് പ്രൊഫസര്‍ മുഹമ്മദ് അല്‍മുഖ്താര്‍ അശ്ശിന്‍ഖീത്വി പറഞ്ഞു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ശൂറാ കൗണ്‍സിലില്‍ മതകാര്യ പോലീസിനെ മതകാര്യമന്ത്രാലയവുമായി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ചര്‍ച്ചകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി ഭരണകൂടം മതകാര്യ പോലീസിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നു.
നന്മ കല്‍പിക്കാനും തിന്മ തടയാനും പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും പ്രസ്തുത വിഭാഗത്തെ മതകാര്യമന്ത്രാലയവുമായി സംയോജിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ സഹായകമാവുമെന്നും ശൂറാ കൗണ്‍സിലില്‍ നിര്‍ദേശം നല്‍കിയ അംഗങ്ങള്‍ പറഞ്ഞു.
ഈ നിര്‍ദേശം മതകാര്യ പോലീസിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നതാണെന്ന് സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തു. സൗദിയില്‍ അംഗീകരിക്കപ്പെട്ട ഇസ്‌ലാമിക അധ്യാപനങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് മതകാര്യ പോലീസിന്റെ പ്രധാന ഉത്തരവാദിത്വം.

Related Articles