Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ കടന്നാക്രമണത്തിനെതിരെ യെമനില്‍ കൂറ്റന്‍ റാലി

സന്‍ആ: യെമനില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സൗദി തുടരുന്ന യുദ്ധത്തിനെതിരെ യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ആയിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലി. സൗദിയുടെ കടന്നാക്രമണത്തിന്റെ മൂന്നാം വാര്‍ഷിക വേളയിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സന്‍ആയിലെ അല്‍ സബിന്‍ സ്‌ക്വയറിലേക്ക് തിങ്കളാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും യുവാക്കളുമടക്കം നിരവധി പേരാണ് ഒഴുകിയെത്തിയത്.

യെമന്റെ പതാകയും യുദ്ധത്തിന്റെ ഇരകളായവരുടെ ഫോട്ടോയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. അല്‍മാരിഷ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്കെതിരെയും വ്യോമാക്രമണങ്ങള്‍ക്കെതിരെയും പ്രതിരോധിക്കാനും പ്രതിഷേധമുയര്‍ത്താനും റാലിയില്‍ ആഹ്വാനമുയര്‍ന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും തമ്മിലാണ് യെമനില്‍ യുദ്ധം നടക്കുന്നത്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനോടകം 14,000ത്തിനു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ അല്‍ഹാദിയെ പുറത്താക്കാന്‍ വേണ്ടിയാണ് വിമതര്‍ യുദ്ധം ചെയ്യുന്നത്.

ഇറാന്‍ ഇവരെ പിന്തുണക്കുമ്പോള്‍ യെമന്‍ സര്‍ക്കാരിന് പിന്തുണയുമായി സൗദിയും യുദ്ധത്തിന് നേതൃത്വം നല്‍കുകയാണ്. യുദ്ധം മൂലം രാജ്യം പട്ടിണിയിലേക്ക് നീങ്ങുകയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളും സ്‌കൂളുകളും ഫാക്ടറികളും തകര്‍ക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്.

 

Related Articles