Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ 77 ശതമാനം സ്ത്രീകളും കാറുമായി നിരത്തിലിറങ്ങും

റിയാദ്: സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനുണ്ടായിരുന്ന വിലക്ക് എടുത്തു മാറ്റിയതോടെ സൗദിയില്‍ കൂടുതല്‍ പേര്‍ കാറുമായി നിരത്തിലിറങ്ങുന്നു. ഈ വര്‍ഷത്തോടെ രാജ്യത്തെ 77 ശതമാനം സ്ത്രീകളും ഡ്രൈവിങ്ങ് പഠിച്ച് റോഡിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയകളില്‍ ഈ അഭിപ്രായം ഉയര്‍ന്നു വന്നത്.

ട്വിറ്ററില്‍ നടന്ന ഒരു സര്‍വേയില്‍ സൗദിയിലെ 87 ശതമാനം പേര്‍ക്കും നിലവില്‍ കാറുണ്ടെന്നും ഇതില്‍ രണ്ടില്‍ ഒരാള്‍ കാറുകള്‍ ഇടക്കിടെ മാറ്റുന്നവരാണെന്നും പറയുന്നു. 2017 സെപ്റ്റംബര്‍ 26നാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ചരിത്രപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജൂണ്‍ മുതല്‍ സൗദിയില്‍ വനിതകള്‍ക്കും വാഹനമോടിക്കാമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഇതുവരെ രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

രാജ്യത്ത് ശക്തമായ നിയമങ്ങളില്‍ അയവു വരുത്തുന്നതിന്റെ ഭാഗമായും വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുമാണ് സൗദിയുടെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്ത് സിനിമ തിയേറ്ററുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങിനിറങ്ങുന്നതോടെ മലയാളികളടക്കമുള്ള നിരവധി പേരുടെ ഡ്രൈവര്‍ ജോലി നഷ്ടപ്പെടും. നിലവില്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍ തസ്തികയില്‍ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്.

 

Related Articles