Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ 12 ജോലികള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

റിയാദ്: സ്വദേശിവത്കരണ നടപടികള്‍ അതിവേഗം പുരോഗമിക്കുന്ന സൗദി അറേബ്യയില്‍ 12 ജോലികള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. തൊഴില്‍-സാമൂഹ്യ വികസന മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്. അടുത്ത ഹിജ്‌റ വര്‍ഷം (2018 സെപ്റ്റംബര്‍) മുതലാണ് 12 ഇനം തൊഴിലുകള്‍ സൗദിയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയത്. സൗദി പ്രസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

വാച്ചുകള്‍,കണ്ണടകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍,ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍,ഓട്ടോ പാര്‍ട്‌സുകള്‍,കെട്ടിട സാമഗ്രികകള്‍,കാര്‍പെറ്റ്‌സ്,കാറുകളും മോട്ടോര്‍സൈക്കിളുകളും,വീട്,ഫര്‍ണിച്ചര്‍,കുട്ടികളുടെ വസ്ത്രങ്ങള്‍,പുരുഷ വസ്ത്രങ്ങളും മറ്റും,ഗൃഹോപകരണങ്ങളും കിച്ചണ്‍ വെയറുകളും,ബേക്കറികള്‍ എന്നിവയുമായി ബന്ധപ്പെട്ട കടകളിലെയും സര്‍വീസ് സെന്ററുകളിലെയും ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമായി ചുരുക്കുന്നത്. ഇത് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാകും.

സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സൗദി പൗരന്മാരെ ശാക്തീകരിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ കടകളിലും മറ്റും സ്ത്രീകളെ നിയമിക്കുന്നത് രാജ്യത്തുള്ള നിയന്ത്രണങ്ങള്‍ക്കനുസരിച്ചായിരിക്കും.

ഇത് രാജ്യത്തെ മറ്റു സ്വദേശിവത്കരണ പദ്ധതികളില്‍ നിന്നും വൈരുദ്ധ്യമല്ലെന്നും മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. നേരത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസ്,വില്‍പ്പന,ജ്വല്ലറി,ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. ഇതുമൂലം നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. പുതിയ നീക്കത്തിലും മുന്‍പത്തേക്കാളേറെ മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കൂകൂട്ടല്‍.

 

Related Articles