Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ അറസ്റ്റിലായവര്‍ക്കെതിരെയുള്ള ആരോപണം അഴിമതിയും കൈക്കൂലിയും

റിയാദ്: സൗദിയില്‍ അഴിമതി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട രാജകുമാരന്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ കൈക്കൂലി, അഴിമതി, പണം വെളുപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളതെന്ന് ഔദ്യോഗിക സൗദി വൃത്തത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട്. അഴിമതി കേസില്‍ അറസ്റ്റിലായ വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുമെന്ന് സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പണം വെളുപ്പിക്കല്‍, കൈക്കൂലി നല്‍കല്‍, ചില ഉദ്യോഗസ്ഥരെ ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൗദി രാജാവിന്റെ സഹോദര പുത്രനും Kingdom Holding കമ്പനി ഉടമയുമായ വലീദ് ബിന്‍ തലാല്‍ രാജകുമാരനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് റിപോര്‍ട്ട് വ്യക്തമാക്കി.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് തലപ്പത്ത് നിന്നും നീക്കം ചെയ്യപ്പെട്ട മുത്ഇബ് ബിന്‍ അബ്ദുല്ലക്കെതിരെ വന്‍ അഴിമതിയാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. വയര്‍ലെസ് വിനിമയ സംവിധാനം, ബുള്ളറ്റ് പ്രൂഫ് മിലിറ്ററി ഡ്രസ് തുടങ്ങിയ കോടിക്കണക്കിന് ഡോളറിന്റെ നിയമവിരുദ്ധ ഇടപാടുകളാണ് അദ്ദേഹം നടത്തിയതായി ആരോപിക്കപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ റിയാദ് ഗവര്‍ണര്‍ തുര്‍കി ബിന്‍ അബ്ദുല്ലക്കെതിരെയുള്ള കുറ്റം റിയാദ് റെയില്‍ പ്രൊജക്ടിലെ അനധികൃത ഇടപെടലാണ്. അതേ പദ്ധതിയില്‍ അഴിമതി നടത്തിയെന്നും തനിക്ക് കീഴിലുള്ള കമ്പനികള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നേടിയെടുക്കുന്നതിന് ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയെന്ന കുറ്റവും അദ്ദേഹത്തിന് മേലുണ്ട്. മുന്‍ ധനകാര്യ മന്ത്രിയും അരാംകോ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന ഇബ്‌റാഹീം അസ്സാഫ് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖരില്‍ ഒരാളാണ്. ഹറം വികസന പദ്ധതിയിലടക്കമുള്ള അഴിമതിയാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം രൂപീകരിക്കപ്പെട്ട അഴിമതി വിരുദ്ധ കമ്മറ്റി 11 രാജകുമാരന്‍മാരും, നിലവിലെ നാല് മന്ത്രിമാരും മുന്‍മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയത്. അറസ്റ്റിലായ പലരെയും റിയാദിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വരെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്ന് അവര്‍ തടയപ്പെട്ടിരിക്കുകയാണെന്നും ജര്‍മന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഈ കാമ്പയിന്റെ ഭാഗമായി 49 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും റിപോര്‍ട്ട് പറഞ്ഞു.

Related Articles