Current Date

Search
Close this search box.
Search
Close this search box.

സൗദിക്ക് വില്‍പന നടത്തിയ ആയുധങ്ങളുടെ ഉപയോഗം നിരീക്ഷിക്കും: ബ്രിട്ടന്‍

ന്യൂയോര്‍ക്ക്: ബ്രിട്ടന്‍ സൗദിക്ക് വില്‍പന നടത്തിയിട്ടുള്ളതും അവര്‍ യമനില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ ആയുധങ്ങളുടെ ഉപയോഗം അതീവ ഗൗരവത്തില്‍ രാജ്യം നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്ന് രക്ഷാസമിതിയിലെ ബ്രിട്ടീഷ് പ്രതിനിധി മാത്യൂ റൈക്രോഫ്റ്റ് പറഞ്ഞു. തങ്ങള്‍ വില്‍ക്കുന്ന ആയുധങ്ങള്‍ അനുയോജ്യമായ രീതിയില്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള കര്‍ക്കശമായ ക്രമീകരണങ്ങള്‍ ബ്രിട്ടന്‍ സ്വീകരിച്ചിട്ടുണ്ടെന്നും സൗദി അറേബ്യയുടെ കാര്യത്തില്‍ ഗൗരവത്തില്‍ തന്നെ അക്കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഘര്‍ഷ മേഖലകളിലെ കുട്ടികളെ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട്ട് യമനിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ബ്രിട്ടന്റെ താല്‍പര്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ രംഗത്ത് മുന്നോട്ടു നീങ്ങുന്നതിന് ഐക്യരാഷ്ട്രസഭക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും നല്‍കും. എന്നും റൈക്രോഫ്റ്റ് വ്യക്തമാക്കി.
യമനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കാത്ത രാജ്യങ്ങളിലേക്കുള്ള ആയുധകയറ്റുമതി അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ യമനിന്റെ പുരോഗതിക്കായി സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ സൗദിക്ക് വില്‍പന നടത്തിയ ആയുധങ്ങള്‍ അവിടെ പതിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles