Current Date

Search
Close this search box.
Search
Close this search box.

സ്‌ഫോടനാത്മകമായ സ്ഥിതിയിലാണ് ഫലസ്തീനെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ്

ഖുദ്‌സ്: സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ് വെസ്റ്റ്ബാങ്കിലും ഗസ്സയിലും നിലനില്‍ക്കുന്നതെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ മുന്നറിയിപ്പ്. മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള ഗേറ്റുകളില്‍ എട്ടാം ദിവസവും ആയിരക്കണക്കിന് ഫലസ്തീനികള്‍ നമസ്‌കാരം തുടരുന്ന സാഹചര്യത്തിലാണിത്. മസ്ദിന്റെ അല്‍അസ്ബാത്വ് ഗേറ്റില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.
സ്ഥിതിഗതികള്‍ സ്‌ഫോടനത്തിന്റെ വക്കിലാണെന്നും സങ്കീര്‍ണമായ ഒരു ഘട്ടമാണ് നിലനില്‍ക്കുന്നതെന്നും പുതുതായി ഇസ്രയേല്‍ സൈന്യത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരെ അഭിസംബോധന ചെയ്തുകൊണ്ട് ഐസന്‍കോട്ട് പറഞ്ഞു. ഇസ്രയേല്‍ സൈന്യം നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവത്തിലേക്ക് സൂചന നല്‍കുന്നതാണ് പുതിയ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഖുദ്‌സിലും ഖലന്‍ദിയ ചെക്ക്‌പോസ്റ്റിലും വെസ്റ്റ്ബാങ്കിന്റെ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. മസ്ജിദുല്‍ അഖ്‌സക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനമുള്ള ഗേറ്റുകള്‍ എടുത്തുമാറ്റില്ലെന്ന് ഞായറാഴ്ച്ച ഇസ്രയേല്‍ പ്രഖ്യാപിച്ചതാണ് കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് കാരണമായത്. അതിനിടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തില്‍ രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. 17ഉം 18ഉം വയസ്സുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്.

Related Articles