Current Date

Search
Close this search box.
Search
Close this search box.

സ്‌കൈ ന്യൂസിനെതിരെ നിയമ നടപടിയുമായി റാശിദുല്‍ ഗന്നൂശി

തൂനിസ്: സ്‌കൈ ന്യൂസ് അറബിക്കെതിരെ നിയമപരമായ പരാതിയുമായി തുനീഷ്യയിലെ അന്നഹ്ദ് പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശി. 2013ല്‍ ഇടതുപക്ഷ നേതാവ് ശുക്‌രി ബല്‍ഈദിന്റെ കൊലപാതകത്തില്‍ ഗന്നൂശിക്ക് പങ്കുണ്ടെന്ന ചാനലിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. അന്നഹ്ദ പ്രസ്ഥാനത്തിന്റെ മാധ്യമ ചുമതല വഹിക്കുന്ന ജമാല്‍ അവിയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടന്‍ ആസ്ഥാനമായിട്ടാണ് സ്‌കൈ ന്യൂസ് പ്രവര്‍ത്തിക്കുന്നത്.
ശുക്‌രി ബല്‍ഈദിനെ കൊലപ്പെടുത്തുന്നതിന് ഗന്നൂശി ലിബിയന്‍ പോരാളി അബ്ദുല്‍ ഹകീം ബല്‍ഹാജുമായി ആസൂത്രണം നടത്തിയെന്നാണ് ചാനല്‍ ആരോപിച്ചത്. ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഭീകരപട്ടികയില്‍ ചേര്‍ത്തിയിട്ടുള്ള ആളാണ് ബല്‍ഹാജ്. അന്നഹ്ദക്കും ഗന്നൂശിക്കും എതിരെയുള്ള വ്യാജ ആരോപണവും കള്ളവുമാണ് സ്‌കൈ ന്യൂസിന്റെ ആരോപണമെന്നും ആരോപണത്തെ സംബന്ധിച്ച ഞങ്ങളുടെ നിലപാട് അറിയാന്‍ അവര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അവിയ് പറഞ്ഞു.
ബല്‍ഈദിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഗന്നൂശിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് കേസ് നടത്താന്‍ ഗന്നൂശി ചുമതലപ്പെടുത്തിയ ലണ്ടനിലെ കാര്‍ട്ടര്‍ റക്ക് (Carter-Ruck) അഭിഭാഷകരുടെ ഓഫീസ് വ്യക്തമാക്കി. ‘മഗ്‌രിബുല്‍ അറബിലെ ഖത്തറിന്റെ ഇടപെടല്‍’ എന്ന തലക്കെട്ടില്‍ സ്‌കൈ ന്യൂസ് അറബി ജൂണ്‍ 9ന് ഒരു റിപോര്‍ട്ട് സംപ്രേഷണം ചെയ്തിരുന്നു. തുനീഷ്യയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അബ്ദുല്‍ ഹകീം ബല്‍ഹാജിന് പങ്കുണ്ടെന്ന് അമേരിക്കയുടെ പിടിയിലായ ലിബിയന്‍ ഭീകരന്‍ അബൂ അനസ് കുറ്റസമ്മതം നടത്തിയതായി അതില്‍ പറഞ്ഞിരുന്നു. അന്നഹ്ദ് അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശിയുടെ സഹകരണം അതിന് അദ്ദേഹത്തിന് ലഭിച്ചിരുന്നു എന്നും ഖത്തറുകാരുടെ അറിവോടെയായിരുന്നു ഇതെന്നും പ്രസ്തുത റിപോര്‍ട്ട് ആരോപിച്ചു.
അബ്ദുല്‍ ഹകീം ബല്‍ഹാജ് സ്ഥാപക നേതാക്കളിലൊരാളായിട്ടുള്ള ലിബിയന്‍ പോരാട്ട ഗ്രൂപ്പിന്റെ മുന്‍ നേതാവായിരുന്നു അബുഅനസ്. 1998ല്‍ തന്‍സാനിയയിലെയും കെനിയയിലെയും അമേരിക്കന്‍ എംബസികള്‍ ആക്രമിച്ചെന്നാരോപിച്ച് 2013ലാണ് അബൂ അനസിനെ അമേരിക്ക അറസ്റ്റ് ചെയ്തത്.
2013 ഫെബ്രുവരി ആറിനാണ് ബല്‍ഈദ് തന്റെ വീടിന് മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്. 2011 ന്റെ അവസാനം മുതല്‍ 2014ന്റെ തുടക്കം വരെ ഭരണം നടത്തിയ ത്രികക്ഷി സര്‍ക്കാറിന് നേതൃത്വം നല്‍കിയ അന്നഹ്ഹ് പ്രസ്ഥാനത്തിന്റെ കടുത്ത വിരോധിയായിരുന്നു ബല്‍ഈദ്. അദ്ദേഹത്തിന്റെ കുടുംബം കൊലപാതകത്തിന് പിന്നില്‍ അന്നഹ്ദയാണെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു. പ്രസ്തുത ആരോപണങ്ങളെ നിഷേധിക്കുകയാണ് അന്നഹ്ദ ചെയ്തതെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles