Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളില്‍ അറബി ഭാഷ പഠിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫ്രഞ്ച് കൗണ്‍സില്‍

പാരിസ്: അറബി ഭാഷ ക്ലാസുകള്‍ നല്‍കാനുള്ള പ്രൈമറി സ്‌കൂളിന്റെ തീരുമാനത്തിനെതിരെ സ്‌കൂളിലേക്ക് പോലിസിനെ അയച്ച് ഫ്രഞ്ച് കൗണ്‍സിലിന്റെ പ്രതിഷേധം. സിക്‌സ് ഫോര്‍ ലെ പ്ലാഗ് ഡെപ്യൂട്ടി മേയര്‍ ജീന്‍ സെബാസ്റ്റ്യന്‍ വിയാലറ്റെയാണ് റെയ്‌നീര്‍ പ്രൈമറി സ്‌കൂളില്‍ അറബി ഭാഷ ക്ലാസ് എടുക്കുന്നതിനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ നവംബറില്‍ രണ്ട് തവണ അദ്ദേഹം സ്‌കൂളിലേക്ക് പോലിസിനെ അയച്ചിരുന്നു. ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ കോടതിയില്‍ നല്‍കിയ പരാതി പരാജയപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌കൂള്‍ മണിക്കൂറുകള്‍ക്ക് ശേഷം താല്‍പര്യമുള്ളവര്‍ക്ക് അറബി ഭാഷ പഠിക്കുന്നതിനായാണ് ഇത്തരമൊരു ക്ലാസ് സ്‌കൂള്‍ അധികൃതകര്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌കൂളില്‍ അറബി ഭാഷ നിര്‍ബന്ധപൂര്‍വ്വം പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു രക്ഷിതാവ് ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇത് ഫ്രാന്‍സില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് പ്രദേശിക രാഷ്ട്രീയ നേതാവും, നാഷണല്‍ ഫ്രണ്ട് അംഗവുമായ ഫ്രെഡറിക് ബൊകലെറ്റി, മൊറോക്കന്‍ വംശജനായ വിദ്യാഭ്യാസ മന്ത്രി നജാത് വലൂദ് ബെല്‍കാസിമിനെതിരെ അറബി ഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
മുസ്‌ലിം ന്യൂനപക്ഷത്തിന് എതിരായ സാഹചര്യം നിലനില്‍ക്കുന്ന അവസരത്തിലാണ് ഈ സംഭവമുണ്ടായിരുന്നത്. സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതും, പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതും ഫ്രാന്‍സ് നിരോധിച്ചിട്ടുണ്ട്. ചില സ്‌കൂളുകള്‍ പന്നിയിറച്ചിയില്ലാത്ത ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അടിമത്വത്തെ പിന്തുണക്കുന്ന അമേരിക്കന്‍ നീഗ്രോകളോടാണ് ഫ്രഞ്ച് മന്ത്രി ലോറന്‍സ് റോസിഗ്നോള്‍ ഒരിക്കല്‍ ഉപമിച്ചത്.
രാജ്യത്തിന്റെ മതേതര മുഖം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികളെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഭാഷ്യം. സിക്‌സ് ഫോര്‍ ലെ പ്ലാഗ് സംഭവം ‘ഭരണകൂട വംശീയത നിയമവിധേയമാക്കലാണെന്ന്’ ഫ്രഞ്ച് മുസ്‌ലിം ആക്റ്റിവിസ്റ്റ് യാസിര്‍ ലുആതി പറഞ്ഞു. അറബി ഭാഷ പഠിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി സ്‌കൂളിലേക്ക് പോലിസിനെ അയക്കുന്നത്, സര്‍ക്കാര്‍ എത്രമാത്രം അറബികളെ വെറുക്കുന്നുവെന്നതിന് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെടുന്നതും, അധ്യാപകര്‍ തന്നെ നിസ്സാരകാര്യങ്ങള്‍ക്ക് കുട്ടികളെ പോലിസ് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതും വര്‍ദ്ധിച്ചു വരികയാണ്.

Related Articles