Current Date

Search
Close this search box.
Search
Close this search box.

സ്വന്തം അവകാശങ്ങളെ കുറിച്ചല്ലാതെ പാശ്ചാത്യര്‍ക്ക് അറിയില്ല: ഡോ. ഖറദാഗി

ദോഹ: പാശ്ചാത്യ മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി അലി മുഹിയിദ്ദീന്‍ അല്‍ഖറദാഗി. ഇസ്‌ലാമാണ് ആദ്യമായി അതിന്റെ ഉന്നതമായ മൂല്യങ്ങളിലൂടെ സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെടുന്ന ആദര്‍ശത്തിലൂടെയാണതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മനുഷ്യാവകാശങ്ങളുടെ കാര്യത്തിലെ പരീക്ഷണത്തില്‍ പടിഞ്ഞാറ് പരാജയപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ സ്വന്തം അവകാശങ്ങളെ കുറിച്ചല്ലാതെ പാശ്ചാത്യര്‍ക്ക് അറിയില്ല. തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നവരുടെ അവകാശങ്ങള്‍ മാത്രമാണ് അവര്‍ സംരക്ഷിക്കുക. അവരല്ലാത്തവര്‍ക്ക് അവകാശങ്ങളൊന്നും ഇല്ല, എന്നു മാത്രമല്ല എല്ലാ അവകാശങ്ങളും പച്ചയായി ഹനിക്കുകയും ചെയ്യുന്നു. ചരിത്രം തിരുത്തുവാനും മുസ്‌ലിംകള്‍ക്കായി പതിയിരിക്കുന്ന ഫാഷിസ്റ്റ് സംവിധാനത്തെ വെളിച്ചത്തു കൊണ്ടുവരാനും സമയമായിരിക്കുന്നു. നിയമനിര്‍മാണത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം ‘ഒരാളും തന്നെ മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല’ എന്നതാണ്. എന്നാല്‍ പൊതുവെ നമ്മുടെ സമ്പത്തിലും വിഭവങ്ങളിലും കണ്ണുനട്ട് വരുന്ന അധിനിവേശകര്‍ ഇരട്ടത്താപ്പോടെയാണ് നമ്മോട് പെരുമാറുന്നത്. മുസ്‌ലിമായ ഒരാള്‍ വല്ല തെറ്റും ചെയ്താല്‍ മുഴുവന്‍ മുസ്‌ലിംകളും അതിന്റെ പേരില്‍ ആരോപണം നേരിടുന്നു. ഇസ്‌ലാമിന് ഭീകര മുദ്ര ചാര്‍ത്തുകയും ചെയ്യുന്നു. അതേസമയം അതേ തെറ്റ് മുസ്‌ലിമല്ലാത്ത ഒരാളില്‍ നിന്നാകുമ്പോള്‍ അയാള്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്യുന്നില്ല. അപ്പോള്‍ കുറ്റം ചെയ്തയാള്‍ മാനസികരോഗിയോ മാനസിക വിഭ്രാന്തിയുള്ള ആളോ ആയി മാറുന്നു. മനുഷ്യത്വത്തെ തന്നെ നാണിപ്പിക്കുന്ന കൂട്ടകശാപ്പുകളും പ്രവര്‍ത്തനങ്ങളുമാണ് അധിനിവേശകര്‍ മുസ്‌ലിംകളോട് ചെയ്തിട്ടുള്ളത്. എന്നും ഖറദാഗി വിവരിച്ചു.
ചരിത്രം വായിച്ച് അതിലെ ഓരോ സംഭവങ്ങളെയും വിലയിരുത്തുമ്പോള്‍ മനുഷ്യര്‍ ഒന്നുകില്‍ മര്‍ദകനായിരിക്കും അല്ലെങ്കില്‍ മര്‍ദിതനായിരിക്കുമെന്ന് കാണാം. ഒരു സ്വേച്ഛാധിപതി തന്റെ ചിന്തകളും അഭിപ്രായങ്ങളും വിശ്വാസവുമാണ് ജനതക്ക് മേല്‍ അടിച്ചേല്‍പിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് അവിടെ യാതൊരു പരിഗണനയും ലഭിക്കുന്നില്ല. ഇസ്‌ലാമിന് മുമ്പ് എല്ലാ സമൂഹങ്ങളിലും അനീതി വ്യാപകമായിരുന്നു. നീതിക്ക് പകരം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. പ്രവാചകന്‍(സ) വന്നപ്പോള്‍ അദ്ദേഹം മനുഷ്യര്‍ക്ക് അവരുടെ അന്തസ്സും അവകാശങ്ങളും വീണ്ടെടുത്തു നല്‍കി. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles