Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള റോഹിങ്ക്യകളെ പോലീസ് അറസ്റ്റ് ചെയ്തു

യാങ്കോണ്‍: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 റോഹിങ്ക്യന്‍ മുസ്‌ലിംകളെ രാഖേന്‍ മേഖലയില്‍ നിന്നും മ്യാന്മര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഔട്ട്‌പോസ്റ്റിന് നേരെ ഒക്ടോബര്‍ ഒമ്പതിന് നടന്ന ആക്രമണത്തിലെ പ്രതികളാണെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാമങ്ങളില്‍ നിന്നായി പത്തുപേരെ വ്യാഴാഴ്ചയും ഒരു കുടുംബത്തിലെ അഞ്ചു പേരെ പട്രോളിങിനിടെ മ്യാന്മര്‍-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തെ നദിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് സൈനിക പത്രമായ മ്യാവാഡി റിപ്പോര്‍ട്ട് ചെയ്തു. നാഫ് പുഴയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ബംഗാളികളെ (മ്യാന്‍മറിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യക്കാരെ ബംഗാളികള്‍ എന്നാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്) സൈന്യം പിടികൂടുകയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായവരില്‍ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരെ അതിര്‍ത്തി സേനക്ക് കൈമാറി.
അകാരണമായാണ് ഇവരെ സൈന്യം അറസ്റ്റു ചെയ്തതെന്ന് മൗങ്‌ഡോ നഗരത്തിലെ മുസ്‌ലിം നേതാവ് പ്രതികരിച്ചു. ഞങ്ങള്‍ക്ക് അവരെ അറിയാം, അവര്‍ നിരപരാധികളാണ്. അവര്‍ അവിടെ നിന്നും മീന്‍പിടിക്കുകയോ അല്ലെങ്കില്‍ മറ്റൊരു ഗ്രാമത്തിലേക്ക് പോവുകയോ ആയിരിക്കാമെന്ന് പ്രതികാര നടപടികള്‍ ഭയന്ന് പേരുവെളിപ്പെടുത്താത്ത നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബര്‍ ഒമ്പത് ആക്രണത്തിന് ശേഷം മൗങ്‌ഡോ, യതായി തോങ് പ്രദേശങ്ങളില്‍ 43 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒമ്പത് പോലീസുകാരും നാല് സൈനികരും ആക്രമികളെന്ന് സംശയിക്കുന്ന 29 പേരും (ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു) അക്കൂട്ടത്തിലുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിവിലിയന്‍മാര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നതായിട്ടാണ് റിപോര്‍ട്ട്. പ്രദേശത്തേക്ക് സഹായമെത്തിക്കുന്നതിനും മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോങ്‌ഡോ പ്രദേശത്ത് സൈനികരാല്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി വ്യാഴാഴ്ച്ച ഒരു പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 19ന് ഒരു ഗ്രാമത്തില്‍ മാത്രം സുരക്ഷാ സൈനികരാല്‍ മുപ്പതോളം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. പോലീസിന്റെയും സൈന്യത്തിന്റെയും അതിക്രമങ്ങള്‍ ഭയന്ന് നിരവധി പേര്‍ പ്രദേശത്തു നിന്നും വീടുവിട്ട് പോയതായും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

 

Related Articles