Current Date

Search
Close this search box.
Search
Close this search box.

സൈനിക നിയമം അടിച്ചേല്‍പിക്കലല്ല അടിയന്തിരാവസ്ഥ കൊണ്ടുദ്ദേശിക്കുന്നത്: ഉര്‍ദുഗാന്‍

അങ്കാറ: അടിയന്തിരാവസ്ഥ കൊണ്ടുദ്ദേശിക്കുന്നത് സൈനിക നിയമം അടിച്ചേല്‍പ്പിക്കലല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. സൈനിക അട്ടിമറിക്കെതിരെ ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ മൈതാനങ്ങളില്‍ ഒരുമിച്ച് കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈതാനങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. ഭരണകൂടം സംവിധാനങ്ങള്‍ ഫത്ഹുല്ല ഗുലന്റെയും മറ്റ് ഭീകരസംഘടനകളുടെയും അംഗങ്ങളില്‍ നിന്ന് ഭരണകൂട സംവിധാനങ്ങളെ ശുദ്ധീകരിച്ച്  ഭരണം ശക്തമായ കരങ്ങളില്‍ ഏല്‍പിക്കാനുള്ള നടപടിയാണ് അടിയന്തിരാവസ്ഥ എന്ന് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.
ഗവര്‍ണര്‍മാരുടെ ഭരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണ് അടിയന്തിരാവസ്ഥ. പ്രവിശ്യകളിലെ സായുധ സേന അവരുടെ നിയന്ത്രണത്തിലായിരിക്കും. പൗരന്‍മാരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കിയിട്ടുള്ള നടപടിയല്ല അടിയന്തിരാവസ്ഥ. അതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. എന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കോ സ്വാതന്ത്ര്യങ്ങള്‍ക്കോ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഭരണഘടനയുടെ 120ാം വകുപ്പ് പ്രകാരം രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്ത്രിരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചതിന് തൊട്ടുടനെയാണ് പ്രസിഡന്റ് തന്നെ ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്. അത് ജനങ്ങളുടെ നിത്യജീവിതത്തെ ഒരു നിലക്കും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിമും അറിയിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ യാതൊരു മടിയുമില്ലാതെ യൂറോപും ലോകവും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാറുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയും ജനാധിപത്യവും മുന്‍നിര്‍ത്തിയാണ് തുര്‍ക്കി ഈ തീരുമാനമെടുത്തതെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേശ് ഓഗ്‌ലു പറഞ്ഞു.

മൂന്ന് മാസത്തേക്കാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടിമറി ശ്രമം നടത്തിയ ഭീകരരെ അടിച്ചമര്‍ത്താന്‍ അടിയന്തിരാവസ്ഥ നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് 5000 സൈനികരെ സേനയില്‍ നിന്ന് പുറത്താക്കി. ഒപ്പം നിരവധി ജഡ്ജിമാരേയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 21,000 ടീച്ചര്‍മാരേയും പുറത്താക്കി. 9000 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. അതോടൊപ്പം രാജ്യത്ത് അധ്യാപകര്‍ തുടര്‍പഠനത്തിനായി  വിദേശത്ത് പോകുന്നത് വിലക്കി. വിദേശത്ത് തങ്ങുന്നവരോട് ഉടന്‍ തിരികെയെത്താനും ഉന്നത വിദ്യാഭ്യാസ സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്ന്  ദേശീയ പത്രം അനദൊലു റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ സൈനിക അട്ടിമറിയുടെ ആസൂത്രകനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് കരുതുന്ന സൈനികപൊലീസ് മേധാവികളെയും വിദ്യാഭ്യാസ വിദഗ്ധരെയും പിരിച്ചുവിട്ടിരുന്നു. അക്കാദമികഭരണ രംഗത്തെ ഉന്നതര്‍ക്ക് യു.എസ് ആസ്ഥാനമായുള്ള ഗുലന്റെ സംഘടനയുമായി (ഫെറ്റോ) ബന്ധമുണ്ടോ എന്നതും സമിതി പരിശോധിച്ചുവരുകയാണ്. യു.എസിലെ പെന്‍സല്‍വേനിയയിലാണ് ഗുലന്‍ താമസിക്കുന്നത്.
ഉര്‍ദുഗാന്റെ ഹോട്ടല്‍ സൈന്യം ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊട്ടാരം സംരക്ഷിക്കാന്‍ ജനം നടുറോഡിലിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവര്‍ക്കുനേരെ സൈന്യം ടാങ്കര്‍ ഓടിച്ചുകയറ്റുന്നതും കാണാം. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ ഓഫിസ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

Related Articles