Current Date

Search
Close this search box.
Search
Close this search box.

സീസിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വാഷിംഗ്ടണില്‍ പ്രകടനം

വാഷിംഗ്ടണ്‍: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വാഷിംഗ്ടണില്‍ പ്രകടനം നടത്തി. ഞായറാഴ്ച്ചയാണ് സീസിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചത്. ഈജിപ്ത് ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ച നിലപാട് പുനപരിശോധിക്കണമെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ഈജിപ്തിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഈജിപ്തിലെ ജയിലുകളില്‍ പതിനായിരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ആസൂത്രിതമായ പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സീസിയെ ഔദ്യോഗിക സന്ദര്‍ശനത്തിന് വാഷിംഗ്ടണിലേക്ക് ക്ഷണിച്ചിരിക്കുന്നത് നയതന്ത്ര ബന്ധം ഉറപ്പിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാര്‍ഗം ആശ്ചര്യജനകമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വാഷിംഗ്ടണിലെ ഡയറക്ടര്‍ സാറ മര്‍ഗുണ്‍ പറഞ്ഞു. ഈജിപ്തില്‍ മനുഷ്യാവകാശങ്ങള്‍ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയില്‍ വെല്ലുവിളി നേരിടുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സീസിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതെന്നും അവര്‍ പറഞ്ഞു. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ഹുസ്‌നി മുബാറകിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയ 2011ലെ വിപ്ലവത്തിന്റെ നേട്ടങ്ങളെ മായ്ച്ചുകളയുന്ന തരത്തില്‍ പോലീസിനെയും സൈനികരെയും ഏറെക്കുറെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കികൊടുക്കുന്നതിനും പൗര, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനും നേതൃത്വം നല്‍കിയത് സീസിയാണെന്നും അവര്‍ സൂചിപ്പിച്ചു.
അമേരിക്ക – ഈജിപ്ത് ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈജിപ്ത് പ്രസിഡന്റ് സീസിയുമായി അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തുമെന്നും സുരക്ഷാ, സൈനിക സഹകരണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയായിരിക്കും കൂടിക്കാഴ്ച്ചയെന്നും വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം ആദ്യമായിട്ടാണ് സീസി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നത്.

Related Articles